മറച്ചുവെച്ച കണക്കുകളും പുറത്തുവരട്ടെ

കെ സുധാകരൻ
(കെ പി സി സി അധ്യക്ഷൻ )

രോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യത്തില്‍ നിന്നുതന്നെ തുടങ്ങാം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഇനി മുതല്‍ പ്രസിദ്ധീകരിക്കും. പേരും വയസും സ്ഥലവും വെച്ച് പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി പറയുന്നത്. നല്ല കാര്യം. പ്രതിപക്ഷം വളരെ നാള്‍ മുമ്പേ ചൂണ്ടിക്കാണിച്ച ഒരു കാര്യമാണ് കോവിഡിന്റെ മൂന്നാം തരംഗവുമുണ്ടാകുമെന്ന ഭീതി നിലനില്‍ക്കേ മന്ത്രി സമ്മതിച്ചിരിക്കുന്നത്.
ഇത്രയും നാള്‍ കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വെച്ച് ഈ നാട്ടിലുള്ളവരെ വഞ്ചിക്കുകയായിരുന്നു സര്‍ക്കാര്‍. കോവിഡ് മൂലം മരണപ്പെടുന്നവരുടെ യഥാര്‍ത്ഥ കണക്കിന്റെ പത്തിലൊന്ന് പോലും സര്‍ക്കാര്‍ രേഖപ്പെടുത്തിയിരുന്നില്ല. മരണസംഖ്യ മൂടിവെയ്ക്കുന്നതു കൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. ഒരിക്കലും ഈ കണക്കുകള്‍ പുറത്തു പറയുന്നത് അനാവശ്യമായ ഭീതി സൃഷ്ടിക്കലുമല്ല. കോവിഡിനെതിരേ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും അത് ഉപകരിക്കും. അല്ലാതെ ഇവിടെ കോവിഡ് വ്യാപനമില്ല, ആളുകള്‍ മരിക്കുന്നില്ല എന്ന മട്ടില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെച്ച് മേനി നടിക്കുന്നത് കൂടുതല്‍ അപകടമുണ്ടാക്കാന്‍ മാത്രമേ വഴിവെക്കുകയുള്ളൂ.


ഇപ്പോള്‍ മന്ത്രി ഇക്കാര്യത്തില്‍ നിലപാട് തിരുത്താന്‍ കാരണം കഴിഞ്ഞ ദിവസമുണ്ടായ സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളാണ്. കോവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. ഇതു പ്രാബല്യത്തില്‍ വന്നാല്‍ കേരളത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതൊന്നുമായിരിക്കില്ല. കോവിഡ് മൂലം മരണപ്പെട്ട നിര്‍ധനരായ ആളുകളുടെ ആശ്രിതര്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും. കാരണം സര്‍ക്കാരിന്റെ കണക്കില്‍ ഭൂരിഭാഗം ആളുകളുടേയും പേരു കാണില്ല.


കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയ രോഗി രണ്ടാഴ്ച കാലം വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി അതിനു ശേഷം മരണത്തിന് കീഴടങ്ങുകയാണെങ്കില്‍ മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം അയാള്‍ കോവിഡ് നെഗറ്റീവ് ആയാല്‍ പോലും അയാളുടെ മക്കള്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് പുറത്താകും. ഇന്ന് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് കോവിഡാനന്തരം വൈറസ് ആന്തരികാവയവങ്ങളില്‍ ഏല്‍പ്പിച്ച ക്ഷതം മൂലമാണ്. കോവിഡിനേക്കാള്‍ ഗുരുതരമായ അവസ്ഥ ആണിത്. എന്നാല്‍ ഈ അവസ്ഥ സര്‍ക്കാര്‍ രേഖകളില്‍ ഇല്ല.


ഹൃദയസംബന്ധമായതൊ, ശ്വാസകോശസംബന്ധമായാതോ ആയ കാരണങ്ങള്‍ കൊണ്ട് ഒരു കോവിഡ് രോഗി മരണപ്പെട്ടാല്‍ പോലും ഭാവിയില്‍ സര്‍ക്കാര്‍ പരിരക്ഷകള്‍ ഉറപ്പാക്കാന്‍ അവരുടെ മരണ സര്‍ട്ടിഫിക്കറ്റുകളില്‍ കോവിഡ് ബാധ രേഖപെടുത്തിയിരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഒരു പകര്‍ച്ചവ്യാധിയില്‍ മരണപ്പെടുന്നവരുടെ കുടുംബത്തെ സുരക്ഷിതമാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വം ആണ്. നമ്മുടെ നാട്ടില്‍ ആദ്യത്തെ കോവിഡ് മരണം ഉണ്ടായി ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് കോവിഡ് മൂലം മരണപ്പെടുന്നവരുടെ മക്കളുടെ പഠനചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്നോര്‍ക്കണം. കുറച്ചധികം സമയമെടുത്താല്‍ പോലും ഈ പകര്‍ച്ചവ്യാധിയില്‍ അനാഥരാക്കപ്പെട്ട ജീവിതം വഴിമുട്ടിയ എല്ലാ മനുഷ്യരുടേയും സുരക്ഷിത ജീവിതം ഉറപ്പ് വരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നത് നാം മുന്‍കൂട്ടി കാണണം. അതില്‍ കോവിഡ് ബാധിച്ചു മരിച്ച ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ കുടുംബത്തെകുറിച്ച് പോലും നമുക്ക് കരുതല്‍ വേണം. അതുകൊണ്ടു കൂടിയാണ് കോവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷം തുടക്കം തൊട്ട് ആവശ്യപ്പെടുന്നത്.

രാഷ്ട്രീയം കാണരുത്, അപേക്ഷയാണ്
കോവിഡ് മരണങ്ങളിലെ സര്‍ക്കാരിന്റെ കള്ളക്കണക്കുകള്‍ ഞാന്‍ ഒരു വര്‍ഷം മുമ്പ് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഞാന്‍ വിവരിച്ചതാണ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നരായ ഒട്ടേറെ ആളുകളുമായി ചര്‍ച്ച ചെയ്താണ് ഞാന്‍ ഇക്കാര്യം പറഞ്ഞത്. അന്ന് പ്രതിപക്ഷം ഈ വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. പക്ഷേ അന്നു സംഭവിച്ചതെന്താണ്..? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കുകയല്ലേ ചെയ്തത്..? മരണത്തിന്റെ വ്യാപാരികളാണ് കേരളത്തിലെ പ്രതിപക്ഷമെന്നും കേരളത്തില്‍ കോവിഡിന്റെ പേരില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നുമൊക്കെ അന്ന് ഭരണപക്ഷം പറഞ്ഞു. കോവിഡിനെ പ്രതിരോധിച്ചതിന്റെ കേരള മോഡല്‍ പ്രകീര്‍ത്തിക്കപ്പെടാനും അതിന്റെ പേരില്‍ പി ആര്‍ ഏജന്‍സികള്‍ വഴി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഒപ്പിച്ചെടുക്കാനുമുള്ള തറവേലയാണ് ഭരണപക്ഷം പയറ്റിയത്. പ്രതിപക്ഷം ഉയര്‍ത്തിയ വസ്തുതകള്‍ രാഷ്ട്രീയ വിമര്‍ശനങ്ങളായും അസഹിഷ്ണുതാ മനോഭാവവുമായി വ്യാഖ്യാനിക്കുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ ചെയ്തത്. കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡലെന്ന് മേനി നടിക്കാന്‍ വസ്തുതകളെ തമസ്‌കരിക്കുകയായിരുന്നു സര്‍ക്കാര്‍. പക്ഷേ പ്രതിപക്ഷം അന്ന് ജനപക്ഷത്തു നിന്ന് അവരുടെ കടമയായിരുന്നു നിര്‍വഹിച്ചത്. അതിന്റെ പേരില്‍ ഒരു പാട് ആക്ഷേപങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടെങ്കില്‍ കൂടിയും ഒരു വര്‍ഷത്തിനിപ്പുറം പ്രതിപക്ഷം അന്നു പറഞ്ഞ ശരിയിലേക്ക് കേരളത്തിന്റെ ആരോഗ്യമന്ത്രിയെത്തിയിരിക്കുകയാണ്. ഇനിയും ഞങ്ങള്‍ ഉറപ്പു നല്‍കുന്നു, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം തന്നെയാണ് പ്രതിപക്ഷം. ഈ മഹാമാരിയെ നമ്മള്‍ ഒന്നിച്ചാണ് നേരിടേണ്ടത്. വസ്തുതകളെ വസ്തുതതകളായി കണ്ട് അതില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ദയവായി മാറ്റിവെയ്ക്കുക. നമുക്ക് പ്രധാനം ഇന്നാട്ടിലെ ജനങ്ങളാണ്. അവര്‍ക്ക് അര്‍ഹതപ്പെട്ടത് ഇല്ലാതാകാന്‍ നിങ്ങളുടെ ദുരഭിമാനം വഴിവെക്കരുത്.

അന്ന് ബിബിസി പറഞ്ഞത്
ഈ നാട്ടിലെ ഓരൊ മനുഷ്യന്റേയും അടുത്ത പരിചയത്തില്‍ തന്നെ കോവിഡ് മൂലം മരണപ്പെടുകയും എന്നാല്‍ സര്‍ക്കാര്‍ കോവിഡ് മരണമെന്ന് രേഖപെടുത്തുകയും ചെയ്യാത്ത ഒരുമരണമെങ്കിലും ഉണ്ടാകും. അവരുടെ ഓരോരുത്തരുടേയും കുടുംബത്തിന്റെ സുരക്ഷിതത്വത്തിന്റെ വിഷയമാണിത്. നാളെ ഞാനൊ നിങ്ങളൊ ആണ് ആ സ്ഥാനത്തെങ്കില്‍ നമ്മുടെ കുടുമ്പത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ മനുഷ്യ ജീവിതങ്ങള്‍ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഈ സാഹചര്യത്തില്‍, കൂടുതല്‍ ഗുരുതരമായ മറ്റൊരു വൈറസ് വകഭേദത്തേ കൂടി വിയറ്റ്‌നാമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാണിക്കേണ്ടതും ജനകീയമായ ജാഗ്രത വികസിപ്പിക്കേണ്ടതും പ്രതിപക്ഷം ഉത്തരവാദിത്വമായി കരുതുന്നു.’
അന്താരാഷ്ട്ര തലത്തില്‍ മേനി നടിക്കാന്‍ കോവിഡ് കണക്കുകളില്‍ ഭരണപക്ഷം കൃത്രിമം കാണിച്ചപ്പോള്‍ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി അതു തുറന്ന് കാണിച്ചിരുന്നു. കേരളത്തിലെ പല മാധ്യമങ്ങളും ഡോ. അഷീലിനെ പോലുള്ളവരുടെ സര്‍ക്കാരിന്റെ മുഖം രക്ഷിച്ചെടുക്കാനുള്ള കൃത്രിമമായ വാദഗതികളുടെ പിന്നാലെ പോയപ്പോള്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നുണ്ടെന്ന് തെളിവു സഹിതം ബിബിസി പ്രസിദ്ധീകരിച്ചു. കേരളത്തില്‍ 3356 പേര്‍ കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് 1969 മരണങ്ങള്‍ മാത്രമേ ഔദ്യോഗികമായി കണക്കായിട്ടുള്ളൂവെന്നായിരുന്നു അന്നത്തെ ബിബിസി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി അനൗദ്യോഗിക മരണങ്ങള്‍ പട്ടികപ്പെടുത്തിയ ഡോ അരുണ്‍ മാധവനടക്കമുള്ളവരെ ഉദ്ധരിച്ചാണ് ബി.ബി.സി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഏഴ് പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളും കുറഞ്ഞത് അഞ്ചു വാര്‍ത്ത ചാനലുകളും കണ്ടാണ് അനൗദ്യോഗിക മരണങ്ങളുടെ പട്ടിക അരുണ്‍ മാധവനും സംഘവും തയാറാക്കിയത്.
‘വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കോവിഡ് നെഗറ്റീവ് ആയവരെ പോലും കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കോവിഡ് ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ കണ്ടില്ല,’ എന്നാണ് ഡോ അരുണ്‍ മാധവ് ബി.ബി.സി യോട് പറഞ്ഞത്.

പിടിവള്ളി ഇപ്പോഴും കോവിഡാനന്തര രോഗങ്ങള്‍
കോവിഡ് പിടിപെടുന്ന ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായ ശേഷം ന്യൂമോണിയ ഉള്‍പ്പെടെ വരുന്നുണ്ട്. മിക്ക മരണങ്ങളും അങ്ങനെയാണ് സംഭവിക്കുന്നത്. കോവിഡ് ലക്ഷണങ്ങള്‍ തുടങ്ങി 10 ദിവസം കഴിയുമ്പോഴേ വൈറസ് ശരീരത്തില്‍ ഇല്ലാതാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ന്യുമോണിയയും ഓര്‍ഗന്‍ ഫെയിലിയറും ഒക്കെ പിന്നീട് വരും. കോവിഡ് ന്യുമോണിയ വരുന്നത് വേറെ വൈറസോ ബാക്റ്റീരിയയോ ഒന്നും കയറിയിട്ടല്ല, ശരീരം കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ നോക്കുന്നതിന്റെ പാര്‍ശ്വഫലം ആയിട്ടാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അങ്ങനെ കോവിഡ് തുടങ്ങി പതിനഞ്ചാം ദിവസം ഒരാള്‍ ന്യുമോണിയ പിടിപെട്ട് മരിച്ചാല്‍ കേരള സര്‍ക്കാര്‍ അത് കോവിഡ് മരണമായി എഴുതില്ല. (പത്തു ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്താല്‍ തന്നെ നെഗറ്റീവ് റിസള്‍ട്ട് കാണിക്കും). മരിച്ച ആളുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെങ്കില്‍ കോവിഡ് മരണം അല്ല എന്ന് എഴുതും. സര്‍ക്കാര്‍ ഇപ്പോഴും ഈ കള്ളക്കളി തുടരുന്നുണ്ട്.

പൊരുത്തക്കേടുകള്‍ നിരവധി
തട്ടിക്കൂട്ട് കണക്കാണ് ഇപ്പോഴും ആരോഗ്യവകുപ്പിന്റെ പക്കലുള്ളത്. കേരളത്തില്‍ 1024 കോവിഡ് മരണങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച സമയത്ത് അതില്‍ കാസര്‍ഗോഡ് ജില്ലയില്‍ ആകെക്കൂടിയുണ്ടായത് ഒരു മരണം മാത്രം. 2020 ഡിസംബര്‍ വരെ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് ബന്ധുക്കള്‍ക്ക് ബോധ്യപ്പെടുകയും കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം സംസ്‌കാരം നടത്തുകയും ചെയ്ത 1674 മരണങ്ങള്‍ കേരളത്തിലെ ഔദ്യോഗിക കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടാത്ത കാര്യം ഡോ. അരുണ്‍ എന്‍ എം അടുത്തിടെ കൃത്യമായ കണക്കുകളുദ്ധരിച്ച് വെളിപ്പെടുത്തുകയുണ്ടായി. സംസ്ഥാന ശരാശരിയേക്കാള്‍ ഇരട്ടിയിലധികം മരണവുമായി ഔദ്യോഗിക മരണ കണക്കില്‍ തിരുവനന്തപുരം ജില്ല വളരെ മുന്നിലെത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരണങ്ങള്‍ കോവിഡ് മുലമാണെന്ന് തീര്‍പ്പാക്കുന്നത്ഇപ്പോഴും രോഗിയെ കാണാത്ത ഓഡിറ്റ് കമ്മിറ്റിയാണ്. അത് കൊണ്ട് മരണം മറച്ച് വെക്കല്‍ തുടരുന്നു. പത്തനംതിട്ട ജില്ലാ കലക്ടര്‍ ജൂണ്‍ മാസത്തില്‍ 59 മരണങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഓഡിറ്റ് കമ്മിറ്റി 28 എണ്ണമേ പ്രഖ്യാപിച്ചിട്ടുള്ളു. മുമ്പ് ഓരോ ജില്ലയിലും കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ പ്രസിദ്ധപ്പെടുത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ ഓരോ ജില്ലയിലും പ്രസിദ്ധപ്പെടുത്തുന്നവരുടെ എണ്ണവും സംസ്ഥാനത്തെ ആകെ മരണമെന്ന പേരില്‍ ആരോഗ്യവകുപ്പ് പറയുന്ന കണക്കും തമ്മില്‍ അജഗജാന്തരം വ്യത്യാസം വന്നപ്പോള്‍ തന്നെ കള്ളക്കളി ബോധ്യപ്പെട്ടതാണ്. കലക്ടര്‍മാര്‍ ഇനി മുതല്‍ കോവിഡ് മരണക്കണക്ക് നല്‍കേണ്ടെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയതും അതിനാലാണ്.

പാലിക്കുന്നത് ഐ സി എം ആര്‍ /
ലോകാരോഗ്യ സംഘടന മാര്‍ഗ്ഗരേഖയോ

ഐ സി എം ആര്‍ / ലോകാരോഗ്യ സംഘടന മാര്‍ഗ്ഗരേഖ പ്രകാരമാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി പറയുന്നു. പക്ഷേ, ഐ സി എം ആര്‍ / ലോകാരോഗ്യ സംഘടന മാര്‍ഗ്ഗരേഖ വളച്ചൊടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. കോവിഡ് പോസിറ്റീവായ ഒരാള്‍ ചികില്‍സയില്‍ ഇരിക്കുമ്പോള്‍ മരിക്കുകയും മരണ കാരണ സര്‍ട്ടിഫിക്കറ്റില്‍ മരണത്തിനു നയിച്ച കാരണങ്ങളില്‍ കോവിഡ്19 രേഖപ്പെടുത്താതിരിക്കുകയും ചെയ്താല്‍ മാത്രമാണ് അതു വീണ്ടും പരിശോധിക്കേണ്ടതെന്നും , ഓഡിറ്റ് ചെയ്യേണ്ടതെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ കേരളത്തില്‍ എങ്ങിനെയൊക്കെ മരണം കോവിഡ് കാരണമല്ലാതെയാക്കാം എന്നാണ് ഓഡിറ്റ് കമ്മിറ്റിയെ വെച്ച് സര്‍ക്കാര്‍ ചെയ്യുന്നത്.
ഐസിഎംആര്‍ മാര്‍ഗരേഖയില്‍ ഹൃദയാഘാതം (മയോക്കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍) മൂലമുള്ള മരണം കോവിഡ് മരണമല്ല എന്ന് പറയുന്നുണ്ട്. ഇതാണ് സര്‍ക്കാരിന്റെ പിടിവള്ളി. കൊറോണറി ആര്‍ട്ടറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആര്‍ട്ടറികളിലും രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത കോവിഡില്‍ വളരെയധികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ മരണം സംഭവിച്ചാല്‍ അതിനെ മയോക്കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ ആയി വിധിയെഴുതി കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ചെയ്ത തെറ്റ് ആരു തിരുത്തും
ഇന്നലെ മുതല്‍ കോവിഡ് ബാധിച്ചവരുടെ കൃത്യമായ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറയുന്നുണ്ട്. പക്ഷേ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെയെല്ലാം കണക്കുകള്‍ പ്രസിദ്ധപ്പെടുത്തണം എന്നാണ് എനിക്കു പറയാനുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാക്കരുത്. കൃത്യമായ സര്‍വേ നടത്തി കോവിഡ് ബാധിച്ചവരുടെ യഥാര്‍ത്ഥ കണക്ക് ഇനിയും ശേഖരിക്കാവുന്നതേയുള്ളൂ. അതിനുള്ള നടപടി ഇനിയും വൈകരുതെന്നാണ് എനിക്കു പറയാനുള്ളത്. ഇവിടെ ഒന്നും ഒളിച്ചുവെക്കാനില്ല. യഥാര്‍ത്ഥ കണക്കുകള്‍ മൂടിവെക്കുന്നതു കൊണ്ട് നമ്മുടെ സംസ്ഥാനത്തിന് എന്തു നേട്ടമാണുള്ളത്..? ആരുടെയെങ്കിലും ദുരഭിമാനം സംരക്ഷിക്കാന്‍ കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഇനിയങ്ങോട്ട് കാര്യങ്ങള്‍ കൃത്യമായി നടക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പിനെ വിശ്വാസത്തിലെടുത്തു കൊണ്ട് പറയട്ടെ, ഇതേവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുക തന്നെ വേണം. അതൊക്കെ കഴിഞ്ഞ കാര്യമെന്ന മട്ടില്‍ കൈയൊഴിഞ്ഞാല്‍ അത് ഏറ്റവും വലിയ നീതികേടായിരിക്കും. അതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ സുതാര്യത ബോധ്യപ്പെടുന്നതു വരെ കേരളത്തിലെ പ്രതിപക്ഷം ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് കൂടി വ്യക്തമാക്കട്ടെ.

Related posts

Leave a Comment