Connect with us
48 birthday
top banner (1)

Featured

അവതാരമൂര്‍ത്തികളുടെ ഉച്ഛാടനത്തിനു സിപിഐ ധൈര്യം കാണിക്കട്ടെ

Avatar

Published

on

ഡോ. ശൂരനാട് രാജശേഖരന്‍

വീണ്ടും സിപിഐയില്‍ നിന്നു തന്നെ തുടങ്ങേണ്ടി വന്നതില്‍ എനിക്ക് നിരാശയുണ്ട്. ആ പാര്‍ട്ടിയോടുള്ള അനാദരവ് കൊണ്ടല്ല, അവര്‍ക്കു സംഭവിച്ച ഗതികേടോര്‍ത്താണ് അതിനു മുതിരുന്നത്. സിപിഐ എന്ന സഹോദര പ്രസ്ഥാനത്തോട് സിപിഎം ചെയ്തിട്ടുള്ള, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന കൊടിയ പാതകങ്ങളോട് ഇത്രമാത്രം ക്ഷമിച്ചിരിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയുന്നു എന്ന കാര്യവും എന്നെ അത്ഭുതപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചത് അവര്‍ക്കു കൂടി ഭരണപങ്കാളിത്തമുള്ള ഒരു സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്ന ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നു തെളിഞ്ഞു. ആര്‍എസ്എസ്-സംഘപരിവാര്‍ സംഘടനകളുമായും അതിന്റെ നേതൃത്വവുമായും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി വിവാദത്തിലായ ഈ ഉദ്യോഗസ്ഥന്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനു നേരിട്ട് നേതൃത്വം നല്‍കി എന്നറിയാത്ത ഒരാള്‍ പോലും ഈ ഭൂമി മലയാളത്തിലില്ല. അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഇടതുപക്ഷ സര്‍ക്കാരിനു കളങ്കമാണെന്നും ആ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തു നിന്നു മാറ്റണമെന്നും സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടിട്ടും ഈ കുറിപ്പ് തയാറാക്കുന്നതു വരെ അദ്ദേഹത്തിനെതിരേ ഒരു നടപടിയും സ്വീകരിച്ചതായി അറിവില്ല.
എന്നിട്ടും ഇക്കഴിഞ്ഞ മൂന്നിനു കൂടിയ മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുത്തു. കുറ്റാരോപിതനായ എഡിജിപി എം.ആര്‍. അജിത് കുമാറിനെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തട്ടിക്കൂട്ടിയ തിരക്കഥകളെല്ലാം വായിച്ചു ബോധ്യപ്പെട്ടു കൈയടിച്ചു പാസാക്കിയാണ് അവര്‍ പിരിഞ്ഞത്. ഇത്ര ദുര്‍ബലമായ, നിസംഗമായ, തീര്‍ത്തും നിര്‍വീര്യമാക്കപ്പെട്ട പാര്‍ട്ടിയാണോ എംഎന്‍ ഗോവിന്ദന്‍ നായരും ടി.വി തോമസും എന്‍ഇ ബലറാണും പി.കെ. വാസുദേവന്‍ നായരും വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും നേതൃത്വം നല്‍കിയ സിപിഐ? അയയിലിട്ട കൗപീനമെന്ന് സ്വന്തം അണികളെക്കൊണ്ടു പോലും പറയിക്കുന്ന തരത്തിലേക്ക് സിപിഐ നേതൃത്വം അധഃപതിച്ചു എന്നു പറയാതെ വയ്യ.
കേരളത്തെ പിടിച്ചുലച്ച വര്‍ഗീയ വിദ്വേഷ പരാമര്‍ശം നടത്താന്‍ പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ ചുണ്ടനക്കാന്‍ പോലും അഭിനവ സിപിഐ നേതൃത്വത്തിനു കഴിഞ്ഞില്ല. അധികാരമെന്ന അപ്പക്കഷണത്തിന് ഇത്രയ്ക്കു രുചിയുണ്ടെന്ന് സിപിഐ നേതൃത്വം തിരിച്ചറിഞ്ഞരിക്കുന്നു. തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ അധികാരത്തിലില്ലെന്നു പ്രഖ്യാപിച്ച് പിണറായി വിജയന്റെ തന്നെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് തന്റേടം കാണിച്ചിട്ടുണ്ട്, സിപിഐ.
കേരളത്തിന്റെ സാമ്പത്തിക, സമൂഹിക, വര്‍ഗീയ മേഖലകളെ അതീവഗുരുതരമായി ബാധിക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നു വിമാനം കയറി ഇന്ദ്രപ്രസ്ഥത്തിലിറങ്ങി, പിആര്‍ ഏജന്‍സിക്കു പണമോ പാരിതോഷികമോ നല്‍കി പ്രീതിപ്പെടുത്തി (രണ്ടുമില്ലാതെ അവര്‍ ഈ പണിക്കു മെനക്കെടില്ല) അഭിമുഖം തരപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരമാണു കേരളം ഒന്നാകെ തേടുന്നത്. അതേക്കുറിച്ചു ഉയരുന്ന ചോദ്യങ്ങളോടു ഹഹഹ എന്നു പരിഹസിച്ചു തള്ളിയ പിണറായി വിജയനോട് എന്തുകൊണ്ടാണ് താങ്കള്‍ അങ്ങനെ ചെയ്തതെന്ന് ചോദിക്കാനുള്ള ആര്‍ജവം സിപിഐ നേതൃത്വം കാണിക്കണമായിരുന്നു. വെളിയം ഭാര്‍ഗവനോ സി.കെ ചന്ദ്രപ്പനോ ജീവിച്ചിരുന്നെങ്കില്‍ ചോദിക്കുകയല്ല, മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമായിരുന്നു എന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്.
കെയ്‌സന്‍ എന്ന പിആര്‍ ഏജന്‍സിയെക്കുറിച്ച് പൊതുവിവരമുള്ള എല്ലാവര്‍ക്കും അറിയാം. ദേശീയ തലത്തില്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിട്ടുള്ളവരും ചെയ്യുന്നവരുമാണവര്‍. അവരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഹരിപ്പാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ടി.കെ ദേവകുമാറിന്റെ മകന്‍ ടി.ഡി. സുബ്രഹ്മണ്യനാണ്. സുബ്രഹ്മണ്യന്‍ പഴയ എസ്എഫ്‌ഐ നേതാവാണ്. പക്ഷേ, അദ്ദേഹമിപ്പോള്‍ റിലയന്‍സ് ഗ്രൂപ്പിലെ ഉന്നത പദവി വഹിക്കുന്നയാളാണ്. സിപിഎം ഭാഷയില്‍ പറഞ്ഞാല്‍ കുത്തക ബൂര്‍ഷ്വാ സ്ഥാപനത്തിന്റെ സമുന്നതന്‍. അങ്ങനെ ഒരാള്‍ ഇടപെട്ടു വേണോ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖത്തിനിരിക്കാന്‍. പിന്നെന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രസ് സെക്രട്ടറിയും മീഡിയ സെക്രട്ടറിയും പിആര്‍ഡിയും മറ്റു സംവിധാനങ്ങളുമുള്ളത്?
വിവാദ പ്രസ്താവനയെക്കുറിച്ചു തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞു മാറാനാവില്ല. ദ് ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഭിമുഖം നടത്തുമ്പോള്‍ അനുവാദമില്ലാതെ ഒരാള്‍ അകത്തേക്കു കടന്നു വന്നു എന്നു മുഖ്യമന്ത്രി സമ്മതിക്കുന്നു. ഈ വന്നത് ആരാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നത്രേ. ഏതു നേരത്തും മുഖ്യമന്ത്രിയുടെ മുന്നില്‍ ക്യാമറയുമായെത്തുന്ന തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഒരു ഔദ്യോഗിക പരിപാടിക്ക് എത്തിയപ്പോള്‍ അവരുടെ മുഖത്തു നോക്കി, ‘കടക്കൂ, പുറത്ത്’ എന്നാക്രോശിച്ച പിണറായി വിജയന്‍ എന്തുകൊണ്ട് ഈ അപരിചതനോട് പുറത്തു പോകാന്‍ പറഞ്ഞില്ല? അതിനു കാരണമുണ്ട്. വന്നയാള്‍ മുഖ്യമന്ത്രിക്ക് അത്രയ്ക്ക് അപരിചതനായിരുന്നില്ല എന്നതു തന്നെ.
അഭിമുഖം നടത്താന്‍ അവസരമൊരുക്കിയ പിആര്‍ ഏജന്‍സി കെയ്‌സന്റെ മേധാവി വിനീത് ഹാണ്ഡ ആയിരുന്നു അവിടേക്കു കടന്നുവന്നത്. അയാളെ ഇറക്കിവിട്ടാല്‍ ഈ അഭിമുഖം തന്നെ ഇല്ലാതാകും. ലേഖിക ചോദിക്കാതിരുന്നതും ചോദിച്ചെന്ന വ്യാജേന സുബ്രഹ്മണ്യന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയാറാക്കി കൊടുത്ത പ്രസ്താവന പത്രത്തില്‍ പ്രത്യക്ഷപ്പെടാതാവും. ഈ അമിട്ടു നാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടിപ്പോയപ്പോഴാണ് താനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന വാദവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. എന്നിട്ടു പേലും ഭരണത്തിലെ രണ്ടാം കക്ഷിയായ സിപിഐ കമാന്നു മിണ്ടുന്നില്ല.
എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ദ് ഹിന്ദു ദിനപത്രത്തിന് ഇങ്ങനെയൊരു വീഴ്ച പറ്റിയതാണ്. ലോകം അംഗീകരിക്കുന്ന ഇന്ത്യയുടെ മുഖപത്രമാണ് ദ് ഹിന്ദു. അതുകൊണ്ടാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അവര്‍ തുറന്നു സമ്മതിച്ചതും ഖേദം പ്രകടിപ്പിച്ച് പത്രക്കുറിപ്പിറക്കിയതും. എന്നിട്ടു പോലും മലപ്പുറം ജില്ലയെ പേരെടുത്തും കേരളത്തിലെ മുസ്ലിം സമുദായത്തെ പരോക്ഷമായും ആക്ഷേപിച്ച മുഖ്യമന്ത്രിയോട് ഒരു വിശദീകരണം ചോദിക്കാന്‍ സിപിഐക്കു ധൈര്യമില്ലാതെ പോയി. സിപിഎം ചോദിക്കില്ല. കാരണം ആ പാര്‍ട്ടി അപ്പാടെ പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ കാല്‍ച്ചുവട്ടിലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇടതുപക്ഷത്തിന്റെ തിരുത്തല്‍ ശക്തിയായിരുന്നു സിപിഐ. അതാണിപ്പോള്‍ വന്ധ്യംകരിക്കപ്പെട്ടുപോയത്.
പ്രതിപക്ഷ ബഹുമാനമോ ജനാധിപത്യ സംസ്‌കാരമോ തൊട്ടു തീണ്ടിയിട്ടില്ലാത്തയാളാണു താനെന്നു പിണറായി പലവട്ടം തെളിയിട്ടുണ്ട്. പണ്ടുകാലത്ത് തങ്ങളുടെ മുഖ്യമന്ത്രിമാരെ തിരുത്താന്‍ പാര്‍ട്ടിക്കു ശക്തമായ നേതൃത്വമുണ്ടായിരുന്നു. ഇന്നതില്ല. ഘടകകക്ഷികളില്‍ സിപിഐക്കെങ്കിലും അതിനുള്ള കരളുറപ്പുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴത്തെ ഈ കെട്ട കാലത്തു സിപിഐക്കും ഗതികെട്ടു എന്നു വേണം കരുതാന്‍.
മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമര്‍ശത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ, വിദ്വേഷ പ്രചാരണം നടത്തിയെന്നും കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതായി സംശയമുണ്ടെന്നും പരാതികളില്‍ പറയുന്നു. കുറഞ്ഞപക്ഷം, ഈ പരാതികള്‍ക്കെങ്കിലും സിപിഐ തുറന്ന പിന്തുണ നല്കണം. അതേക്കുറിച്ച് ന്യായയുക്തമായി അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കണം.
അവതാരങ്ങളെയൊന്നും ഏഴുവട്ടത്ത് അടുപ്പിക്കില്ലെന്നു പറഞ്ഞ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ചുറ്റും ചമ്രം പിണഞ്ഞിരിക്കുന്ന അസംഖ്യം അവതാര മൂര്‍ത്തികളെ ഉച്ഛാടനം ചെയ്തു ശുദ്ധികലശം നടത്താനെങ്കിലും മുന്നോട്ടു വരണം, രണ്ടു തവണ കേരളം ഭരിക്കാന്‍ അവസരം കിട്ടിയ സിപിഐയുടെ അഭിനവ നേതാക്കള്‍ എന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.

Continue Reading

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured