ദുരിതകാണ്ഡങ്ങള്‍ ഇനി അതിജീവനത്തിന്റേതാകട്ടെ

ഗോപിനാഥ് മഠത്തിൽ

‘പാവങ്ങള്‍ പെണ്ണുങ്ങള്‍ ദുഃഖഭാരം ചുമക്കും വേദനകള്‍’ എന്നത് വയലാര്‍ രാമവര്‍മ്മ എഴുതിയ പഴയൊരു ഉദയാചിത്രത്തിലെ വരികളാണ്. കേരളത്തിലെ ആനുനിക സ്ത്രീ പര്‍വ്വത്തിലൂടെ കടന്നുപോകുന്ന ഏവര്‍ക്കും അത് അനുഭവമാകുന്നത് കണ്ണീരുപ്പിന്റെ അരുചിയിലൂടെയാണ്. തീക്ഷ്ണമായ ദുഃഖത്തിന്റെ കൊടുംവേനലില്‍ ജീവിതായോധനത്തിന് ഇറങ്ങി വാടിത്തളരുന്ന പെണ്‍ജന്മങ്ങള്‍ക്ക് ആശ്വാസകിരണങ്ങള്‍ ഇനിയും അകലെയാണെന്നതാണ് വയലാര്‍ അന്നെഴുതിയ വരികളിലെ അന്തഃസത്ത. അത് കേരളം പുരോഗതിയുടെ അനവധികാതങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഇവിടെ തുടരുന്നുവെന്നത് ഏറ്റവും ലജ്ജാകരമായ കാര്യവും. ഒരു വിസ്മയയുടെ ഭര്‍ത്തൃപീഡനമരണത്തെത്തുടര്‍ന്ന് എത്രയോ വിസ്മയമാരാണ് അതേ വഴി പിന്തുടര്‍ന്ന് വാര്‍ത്തകളുടെ ശൃംഖല സൃഷ്ടിക്കുകയും സാമൂഹിക മനഃസാക്ഷിയെ ചുട്ടുപൊള്ളിക്കുകയും ചെയ്തത്. നവ ഭാര്യമാരെ മരണം ഏതൊക്കെ വിധത്തില്‍ ഭര്‍ത്തൃഗൃഹത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവുകളാണ്. കാമപെയ്ത്തിന്റെ ലഹരി ഒഴിയുമ്പോള്‍ ഏതൊരു നവഭര്‍ത്താവും പിന്നെ ആഗ്രഹിക്കുന്നതും പിന്തുടരുന്നതും തന്റെ സ്വാര്‍ത്ഥലാഭത്തിന്റെയും ആഡംബരചിന്തയുടെയും പാതയാണ്. ആ മാര്‍ഗ്ഗത്തില്‍ മാനസിക സമ്മര്‍ദ്ദത്തോടൊപ്പം ശാരീരിക പീഡനത്തിനും പെണ്‍ജന്മങ്ങള്‍ വിധേയമാകുന്നു. അതിന് ഉപദേശത്തിലൂടെ പിന്തിരിപ്പിക്കാതെ വേണ്ടുന്ന ഒത്താശകള്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ഭര്‍ത്തൃവീടിന്റെ ചുവരുകള്‍ക്കുള്ളില്‍ താന്‍ അനുഭവിച്ച വേദന പങ്കുവയ്ക്കാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിക്ക് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് ലഭിച്ച ‘ആശ്വാസം’ എങ്കില്‍ നീ അനുഭവിച്ചോ എന്ന ധാര്‍ഷ്ട്യവാക്കുകളും. അധികാരം ധാര്‍ഷ്ട്യവുമായി സമരസപ്പെട്ട് മുന്നേറുകയും സ്ത്രീയുടെ സങ്കടം വൃഥാവിലാവുകയും ചെയ്യുന്ന വിപരീത ദുരന്ത സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അധികാരാഹങ്കാരത്തിന്റെ ജോസഫൈന്‍ വാക്കുകളെ പ്രബുദ്ധകേരളം കീഴ്‌പ്പെടുത്തിയെങ്കിലും ആ പ്രബുദ്ധത ഇനിയുണ്ടാവേണ്ടത് സ്ത്രീകളുടെ പീഡനകണ്ണീര്‍ തുടയ്ക്കുന്നതിലാകണം. വിസ്മയ്ക്ക് തുല്യമായ പെണ്‍കുട്ടികളുടെ ഭര്‍ത്തൃപീഡന മരണങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കും നീതി വ്യവസ്ഥയ്ക്കും ഇപ്പോള്‍ ഒരാവേശമാണെങ്കിലും അത് കെടാതെ നിലനിര്‍ത്തിക്കൊണ്ട് പോവുകയും മറ്റൊരു വിസ്മയ ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നതിലാകണം ഇനി കേരളത്തിന്റെ ശ്രദ്ധ. ഉത്തര മരിച്ചപ്പോള്‍ കേരളജനത ആഗ്രഹിച്ചത് വീണ്ടുമൊരു ഉത്ര ഉണ്ടാകരുതേ എന്നായിരുന്നു. പക്ഷെ വിസ്മയ മറ്റൊരു ഉത്തരയായി പരിണമിച്ചു. പെണ്‍ജന്മങ്ങളെ തല്ലിക്കൊഴിക്കത്തക്കവിധം നമ്മുടെ ചെറുപ്പക്കാര്‍ എന്തുകൊണ്ട് കൂടുതല്‍ മനോവൈകല്യത്തിലേയ്ക്ക് നടന്ന് അടുക്കുന്നു എന്ന് ചിന്തിക്കേണ്ട കാലം കൂടിയാണിത്. യാന്ത്രികത സമ്മാനിക്കുന്ന ദീര്‍ഘവീക്ഷണമില്ലാത്ത ആഡംബരജീവിതമാണ് ഇന്ന് ഏതൊരു ചെറുപ്പക്കാരനെയും സംസ്‌കാര ശൂന്യവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രവൃത്തിയിലേക്ക് നയിക്കുന്നത്. അവരുടെ സ്വാര്‍ത്ഥ വൈകൃത ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും ബലിയാടാക്കപ്പെടുന്നത് നിഷ്‌കളങ്കമായ ചില പെണ്‍പിറവികളാണ്.
ഈ സ്ത്രീദുരന്താധ്യായത്തിനിടയില്‍ അതിജീവനത്തിന്റെയും ആശ്വാസത്തിന്റെയും വാര്‍ത്തയായി എത്തിയത് ആനി ശിവയുടെ കഥയാണ്. ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌ക്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പത്തൊന്‍പതാമത്തെ വയസ്സില്‍ തെരുവിലേക്ക് ഇറങ്ങിവന്ന പെണ്‍കുട്ടി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എസ്.ഐ ആയി മാറിയ കഥയാണത്. ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആ അമ്മ. കിടക്കാന്‍ ഒരു കൂരയോ വിശപ്പടക്കാന്‍ ഒരുനേരത്തെ ഭക്ഷണമോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ജീവിതവിജയത്തിന്റെയും ആ കഥ ഇനി ഏതൊരു സ്ത്രീജന്മത്തിനും പ്രചോദനവും പാഠവുമാകേണ്ടതുണ്ട്. അടുത്തിടെ ഒരുസുഹൃത്ത് അദ്ദേഹത്തിന്റെ ഒരു ചെറുനോവല്‍ എന്നെ പരിചയപ്പെടുത്തി. മഹാരാഷ്ട്രയിലെ ഏതോ ഗ്രാമത്തില്‍ ഒരു ആചാരമുണ്ട്. ദമ്പതിമാര്‍ക്ക് ജനിക്കുന്ന മൂന്നാമത്തെ കുഞ്ഞും പെണ്ണാണെങ്കില്‍ അതിനെ തെരുവില്‍ ഉപേക്ഷിക്കുന്ന പതിവ്. അങ്ങനെ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ മക്കളില്ലാത്ത ദമ്പതികള്‍ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ട്. അല്ലാത്ത കുഞ്ഞുങ്ങള്‍ മരണത്തിന് വിധേയമാകുകയും ചെയ്യും. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞിനെ ഒരു മലയാളി എഞ്ചിനീയര്‍ കണ്ടെത്തുകയും വര്‍ഷങ്ങള്‍ക്കുശേഷം അതേ ഗ്രാമത്തിന് ഒരു കളക്ടറാക്കി സമ്മാനിക്കുന്നതുമാണ് അതിന്റെ ഇതിവൃത്തം. ഇതെല്ലാം ഇവിടെ സൂചിപ്പിക്കാന്‍ കാരണം ദിശാബോധത്തോടെയുള്ള ഏതൊരു പെണ്ണിന്റെയും ജീവിതം അവളെ സ്വര്‍ഗ്ഗസോപാനത്തിലേക്ക് നയിക്കും എന്ന് പറയാനാണ്. ഭര്‍ത്തൃഗൃഹത്തിലെ ഏതൊരു പീഡനങ്ങളെയും യഥാസമയം നിയമസമക്ഷം എത്തിച്ച് പരിഹാരം കാണാന്‍ സ്ത്രീകള്‍ക്ക് കഴിയണം. അതിനൊരു തന്റേടം ഉണ്ടാവണം. പീഡനങ്ങളില്‍ തളര്‍ന്ന് കുരുക്കിട്ട് തൂങ്ങിയാടി ജീവിതം ഹോമിക്കാന്‍ ഇനിയൊരു സ്ത്രീയും തയ്യാറാകാത്തവിധം പ്രചോദനാത്മകമായ സ്ഥൈര്യം വീണ്ടെടുത്ത് ലക്ഷ്യത്തിലേക്ക് മുന്നേറുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
വാല്‍ക്കഷണം:
ആധുനിക കമ്മ്യൂണിസം ഇപ്പോള്‍ അര്‍ത്ഥ വ്യാപ്തി നേടിയിരിക്കുന്നത് മരംമുറിയിലും ക്വട്ടേഷന്‍ സംഘത്തിലും സ്വര്‍ണ്ണക്കടത്തിലും ബലാത്സംഗത്തിലും മറ്റുമാണ്. ഏത് അധമ ചിന്തകള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ഈ കമ്മ്യൂണിസം നാളെ ആരുടെ ശവക്കച്ചയായി, ചുവന്ന പട്ടായി തീരുമെന്ന് പറയാനാവില്ല. അങ്ങനെയല്ലേ കമ്മ്യൂണിസത്തിന്റെ ഇപ്പോഴത്തെ പോക്ക്. കര്‍ഷകരില്‍ നിന്നും വ്യവസായ തൊഴിലാളികളില്‍ നിന്നും അകന്ന് എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍ ഇനി ഏത് മിശിഹായാണ് വരിക എന്നത് കാത്തിരുന്ന് കാണുക തന്നെ വേണം.

Related posts

Leave a Comment