ഇന്ത്യയുടെ വാനമ്പാടി ഇനി ഓർമ; ലതാ മങ്കേഷ്കർ യാത്രയായി

മുംബൈ: ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കർ (93) വിട പറഞ്ഞു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതോടെയാണ് അന്ത്യം സംഭവിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ദിവസങ്ങൾക്ക് മുമ്പാണ്‌ ഐ.സി.യുവിൽ നിന്ന് മാറ്റിയത്. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകളെ അവർ തൻറെ മാസ്മര ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതൽ ദീപിക പദുകോൺ വരെയുള്ളവർക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്കറാണ് ലോകത്ത് ഏറ്റവുമധികം ഗാനങ്ങൾ ആലപിച്ച ഗായിക. ഇന്ത്യൻ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും- അതാണ് ലതാജിയുടെ ശബ്ദം. 1929ൽ മധ്യപ്രദേശിലെ ഇൻഡോറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ൽ 13മത്തെ വയസിൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വർഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാൽ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദിൽ മേരാ ദോഡായാണ്. മഹലിൽ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാർട്ടിൽ ആദ്യത്തേത്.

നേർത്ത ശബ്ദമെന്ന് പറഞ്ഞ് തിരസ്‍കരിച്ചവരുടെ മുന്നിൽ പ്രശസ്തിയുടെ പടവുകൾ ഒന്നൊന്നായി പാടിക്കയറുകയായിരുന്നു ലതാജി. നൗഷാദ്, രാമചന്ദ്ര, എസ് ഡി ബർമ്മൻ, മദൻ മോഹൻ, ശങ്കർ ജയ്കിഷൻ, ബോംബെ രവി, സലിൽ ചൗധരി, ആർ ഡി ബർമ്മൻ തുടങ്ങിയ സംഗീതശിൽപ്പികളുടെ ഈണങ്ങൾ ലതയുടെ ശബ്ദത്തിൽ അലിഞ്ഞുചേർന്നു. ആത്മാവിനെ ലയിപ്പിച്ച് ഏ മേരേ വതൻ കെ ലോഗോ, ലതാ പാടിയപ്പോൾ നെഹ്രു വരെ കണ്ണീരണിഞ്ഞു. ആ ശബ്ദം ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചൊഴുകി. നെല്ലിലൂടെ മലയാളത്തിലുമെത്തി. മുഹമ്മദ് റഫിക്കൊപ്പം പാടിയപ്പോൾ സംഗീതാസ്വാദകർക്ക് ലഭിച്ചത് ഭാവസാന്ദ്രമായ ഒരുപിടി ഹിറ്റുകൾ. 36 ഭാഷകളിലായി 50000ത്തിലധികം പാട്ടുകൾ പാടി ഗിന്നസിൽ ഇടംപിടിച്ചിട്ടുണ്ട് ലതാജി. സംഗീത യാത്രയിൽ സംഗീതത്തിലുള്ള പല പുരസ്കാരങ്ങളും സ്വന്തമാക്കി. പദ്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം തുടങ്ങിയ ദേശീയ ബഹുമതികളും ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും തേടിയെത്തി. ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരവും നേടി. 1999ൽ രാജ്യസഭാംഗമായി.

Related posts

Leave a Comment