ഖാദി ബോർഡിലെ നിയമാനുസൃത ജീവനക്കാർക്ക് ശമ്പളം ഗ്രാന്റ് ഇനത്തിൽ അനുവദിക്കണം: ടി സിദ്ധീഖ്

തിരുവനനന്തപുരം: ഖാദി ബോർഡിലെ നിയമാനുസൃതം നിയമനം ലഭിച്ച ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നോൺ പ്ലാൻ ഫണ്ടിൽ നിന്നും ഗ്രാന്റ് ഇനത്തിൽ അനുവദിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എം.എൽ.എ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബോർഡ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഖാദി വിൽപന ശാലകളിലൂടെ ലഭിക്കുന്ന വിറ്റുവരവ് ഉൽപ്പാദന മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികൾക്ക് വേതനം നൽകാനുള്ള തുക തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന പദ്ധതികൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ജോലിയെടുക്കുന്ന ബോർഡ് ജീവനകാർക്ക് ബോർഡ് രൂപീകൃതമായ 1957 മുതൽ ഇക്കഴിഞ്ഞ മാസം വരെ പൂർണമായും സംസ്ഥാന സർക്കാരിന്റെ നോൺ പ്ലാൻ ഗ്രാന്റ് ഇനത്തിലാണ് ശമ്പളം നൽകി വരുന്നത്. എന്നാൽ 4-2-2022 ലെ സർക്കാർ ഉത്തരവ് പ്രകാരം ജീവനകാർക്ക് ശമ്പളം നൽകുന്നതിൽ 9.5 ശതമാനം പലിശയോട് കൂടി പ്രവർത്തന മൂലധനവായ്പയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഖാദിയുടെ പൈതൃകത്തേയും ബോർഡിനേയും ആക്ഷേപിക്കുന്ന പ്രവർത്തനമാണ്.
അടിയന്തിരമായി ഉത്തരവ് പിൻവലിച്ച് നിയമാനുസൃതം നിയമിതരായ ജീവനക്കാർക്ക് ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും നോൺ പ്ലാൻ ഫണ്ടിൽ നിന്നും ഗ്രാന്റ് ഇനത്തിൽ അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം. ബോർഡിന്റെ ഇത്തരം നടപടികൾക്കെതിരെ ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ പ്രക്ഷോഭ പരിപാടികളും ആരംഭിച്ചിരിക്കുകയാണ്. അതിനാൽ വിഷയത്തിൽ എത്രയും വേഗം ഇടപെടണെന്നും നിവേദനത്തിൽ ടി സിദ്ധിഖ് എം.എൽ.എ ആവശ്യപ്പെട്ടു.

Related posts

Leave a Comment