കോട്ടയം: സോളാർ കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധിക്കെതിരേ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അപ്പീൽ നൽകിയാൽ അതിനെയും നിയപരമായി നേരിടുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ നാട്ടുകാർ നൽകിയ വരവേൽപ്പിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ അച്യുതാനന്ദനോട് വിചാരണ കോടതി ആവശ്യപ്പെട്ട ശേഷം ആദ്യമായി പുതുപ്പള്ളിയിലെത്തിയതായിരുന്നു ഉമ്മൻ ചാണ്ടി.
സോളാർ കേസിൽ തന്റെ നിരപരാധിത്വം തുടക്കം തന്നെ വ്യക്തമായിരുന്നു. ഇതു സംബന്ധിച്ച മുഴുവൻ നിയമനപടികളും സധൈര്യം നേരിട്ടു. മുഖ്യമന്ത്രിയായിരുന്നിട്ടു പോലും ജുഡീഷ്യൽ കമ്മിഷന്റെ മുന്നിൽ നേരിട്ട് ഹാജരായി മണിക്കൂറുകളോളം മറുപടി നൽകി. അന്വേഷണ ഏജൻസികളും കോടതികളും വെറുതേ വിട്ടിട്ടും രാഷ്ട്രീയമായി തന്നെ വേട്ടയാടി. അതുകൊണ്ടാണ് നീതി തേടി കോടതിയെ സമീപിച്ചത്. വിചാരണ കോടതിയിൽ തനിക്കു നീതി ലഭിച്ചു. അതിനെതിരേ അച്യുതാനന്ദന് അപ്പീൽ നൽകാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്നില്ല. എന്നാൽ അച്യുതാനന്ദൻ അതിനു മുതിർന്നാൽ നിയമപോരാട്ടം തുടരുമെന്നും പുതുപ്പള്ളിയിലെ വീട്ടിലെത്തി തനിക്ക് സ്വീകരണം നൽകിയ കോൺഗ്രസ് പ്രവർത്തകരോട് ഉമ്മൻ ചാണ്ടി പറഞ്ഞു.
അപ്പീലും നിയമപരമായി നേരിടും: ഉമ്മൻ ചാണ്ടി
