ലോകായുക്ത ഭേദഗതി ഓർഡിനൻസ് ; പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകി

കൊച്ചി : ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണർക്ക് കത്ത് നൽകി.ലോകായുക്​തയുടെ വിധികളും നിരീക്ഷണങ്ങളുമെല്ലാം സർക്കാറിന്​ തലവേദന സൃഷ്​ടിക്കുന്നത്​ ഒഴിവാക്കുകയാണ്​ നീക്കത്തിന്​ പിന്നിലെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ ആരോപിച്ചു.

ലോകായുക്​തയുടെ വിധികൾ സർക്കാറിന്​ തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന തരത്തിലാണ്​ പുതിയ നിയമ നിർമാണം നടത്തുന്നത്​. ലോകായുക്​ത നിയമനത്തിന്​ മുൻ സുപ്രീം കോടതി ജഡ്ജി വേണമെന്ന നിബന്ധന ഒഴിവാക്കി ഹൈകോടതി ജഡ്​ജിമാരായിരുന്നവരെയും നിയമിക്കാമെന്ന ​ഭേദഗതിയും വരുത്തുന്നുണ്ട്​.

ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിയായിരുന്ന കെ.ടി ജലീൽ രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി ജലീലിന് അർഹതയില്ലെന്നായിരുന്നു ലോകായുക്ത സർക്കാരിനെ അറിയിച്ചത്. പലപ്പോഴും ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കാറുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലോകായുക്തയിൽ ചില അഴിച്ചു പണികൾക്ക് സർക്കാർ തയ്യാറാകുന്നത്​.

ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓർഡിനൻസിൽ സർക്കാർ വ്യക്തമാക്കുന്നുത്. നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. മന്ത്രി സ്ഥാനത്തടക്കമുള്ളവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിർമാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.

നിലവിൽ ലോകായുക്ത നില നിൽക്കുന്നത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ലോകായുക്തയെ അപ്രസക്തമാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു കഴിഞ്ഞാൽ നിലവിലുള്ള അധികാരങ്ങൾ ലോകായുക്തയ്ക്ക് ഉണ്ടാവുകയില്ല. സംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തിൽ ഗവർണർ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഗവർണർ ഓർഡിനൻസ്​ അംഗീകരിക്കരുതെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്​.

Related posts

Leave a Comment