ആർക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥ; ഉത്തരവ് സഭയിലെ പ്രഖ്യാപനത്തിന് വിരുദ്ധം: വി.ഡി സതീശൻ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു വശത്ത് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. രണ്ടു കിലോ അരി വാങ്ങാന്‍ 500 രൂപയുടെ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി കടയില്‍ പോകേണ്ട അവസ്ഥയാണെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തില്‍ ചൂണ്ടിക്കാട്ടി.
ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും കോവിഡ് വാക്‌സിന്‍ എടുത്തവരും കടകളില്‍ എത്തുന്നതാണ് അഭികാമ്യമെന്നു പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ മന്ത്രി അഭികാമ്യമെന്നു പറഞ്ഞവയെല്ലാം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഇത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ്.
വാക്‌സിനേഷന്‍, കോവിഡ് പരിശോധന, കല്യാണം, മരണം, വിമാനത്താവളങ്ങളിലേക്കുള്ള യാത്ര എന്നിവയ്ക്ക് മാത്രമെ പുറത്തിറങ്ങാവൂ എന്നാണ് ഉത്തരവ്. ജനങ്ങള്‍ക്ക് ജോലിക്കു വേണ്ടി പുറത്തിറങ്ങാനാകില്ല. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാണമെന്നു പറയുന്നതിനാല്‍ ജോലിക്കു പോകാന്‍ ഇറങ്ങുന്നവരെ കുത്തിനു പിടിച്ച് പൊലീസ് പിഴ ഈടാക്കും. എട്ടും പത്തും കോടി പിരിക്കണമെന്ന് പൊലീസിനു നര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ കേരളത്തെ ഒരു ‘ഫൈന്‍ സിറ്റി’യാക്കി മാറ്റിയിരിക്കുകയാണ്. ജനത്തെ കഷ്ടപ്പെടുത്തിയും പട്ടിണിക്കിട്ടും ഇനിയും മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.
മന്ത്രി നിയമസഭയില്‍ പറയുന്നതിനു വിരുദ്ധമായ ഉത്തരവിറക്കുന്നത് സഭയോടുള്ള അനാദരവാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പി.സി വിഷ്ണുനാഥ് എം.എല്‍.എയും ആവശ്യപ്പെട്ടു.

Related posts

Leave a Comment