വീണ്ടും അടിതെറ്റി എൽഡിഎഫ്; തൃക്കാക്കരയിൽ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളി

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്നഅവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ തള്ളി. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരെയാണ് ഇടതുപക്ഷം അവിശ്വസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ ക്വാറം തികയാത്തതിനാല്‍ അവിശ്വാസപ്രമേയം വോട്ടിനിടാന്‍ കഴിഞ്ഞില്ല. 43 അംഗ നഗരസഭയില്‍ എത്തിയത് 18 കൗണ്‍സിലര്‍മാര്‍ മാത്രമാണ്. ക്വാറം തികയാന്‍ വേണ്ടത് 22 പേരാണ്. 17 ഇടതുപക്ഷ കൗണ്‍സിലറും ഒരു സ്വതന്ത്ര കൗണ്‍സിലറുമാണ് പ്രമേയം കൊണ്ടുവന്നത്.അവിശ്വാസം അവതരിപ്പിച്ചുവെങ്കിലും ക്വാറം തികയാത്തതിനാല്‍ ചര്‍ച്ചയ്‌ക്കെടുത്ത് വോട്ടെടുപ്പ് നടത്താന്‍ വരണാധികാരി അനുവദിച്ചില്ല. യു.ഡി.എഫില്‍ നിന്ന് മുസ്ലീം ലീഗ് അംഗങ്ങളെ അടര്‍ത്തിമാറ്റി അവിശ്വാസം വിജയിപ്പിക്കാമെന്ന ധാരണയിലായിരുന്നു ഇടതുപക്ഷം. എന്നാല്‍ ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുസ്ലീം ലീഗ് അംഗങ്ങളും ധാരണയായി.ഇടതു അംഗങ്ങള്‍ പത്തു മണിയോടെ നഗരസഭാ ആസ്ഥാനത്ത് എത്തി. കോവിഡ് ബാധിതനായ അംഗം പി.പി.ഇ കിറ്റ് ധരിച്ചാണ് മറ്റ് അംഗങ്ങള്‍ക്കൊപ്പം എത്തിയത്. എന്നിട്ടും എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിക്കാത്ത സാഹചര്യമാണ് ഉണ്ടായത്.

Related posts

Leave a Comment