മാധ്യമ വിമർശനം ഇടതുപക്ഷം തുടരും : കോടിയേരി

തിരുവനന്തപുരം: സർക്കാരിനെയും ഇടതുപക്ഷത്തെയും തുറന്നുകാട്ടുന്ന മാധ്യമങ്ങൾക്കെതിരെ വിമർശനം തുടരുമെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ കോടിയേരി ബാലകൃഷ്‌ണൻ. കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ ഓഡിയോപതിപ്പ്‌ മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാറിന്‌ കൈമാറി സംസാരിക്കുകയായിരുന്നു കോടിയേരി. മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന ഇടതുപക്ഷം മാധ്യമവിമർശനത്തിലും പിന്നിലല്ല. അതായത്‌ ഇവിടുത്തെ ഒരു വലിയ വിഭാഗം മാധ്യമങ്ങൾ നടത്തുന്ന കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രവർത്തനത്തെ തുറന്നുകാട്ടാൻ ഒട്ടും വിട്ടുവീഴ്‌ച ചെയ്യില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ പ്രമുഖ ടിവി, പത്രമാധ്യമങ്ങൾ ഉൾപ്പെടെ പിണറായി വിജയൻ സർക്കാരിന്‌ രണ്ടാംവട്ടം അധികാരം നൽകരുതെന്ന അജണ്ട തീവ്രതയോടെ നടപ്പാക്കുകയായിരുന്നു. ഇതൊരു ആക്ഷേപമല്ല, വസ്‌തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ ജാതി-മതശക്തികളുടെ ഏകോപനത്തിന് മാധ്യമങ്ങൾ വിയർപ്പൊഴുക്കിയിരുന്നു. അതിനുവേണ്ടി ശരണംവിളിയും സ്ത്രീപ്രവേശവും വിശ്വാസവുമൊക്കെ സജീവ വിഷയങ്ങളാക്കാൻ ശ്രമിച്ചു. എൽഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്ത ഭരണനേട്ടങ്ങൾ ഇകഴ്‌ത്താനും പൂഴ്‌ത്തിവയ്ക്കാനും പരിശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽനിന്നും പാഠം പഠിച്ച്‌ മാധ്യമങ്ങൾ ഇനിയെങ്കിലും ഇടതുപക്ഷ വിരുദ്ധ രാഷട്രീയം ഉപേക്ഷിക്കണം. മാധ്യമങ്ങൾ ഇപ്പോഴും അന്ധമായ ഇടതുപക്ഷവിരുദ്ധ രാഷ്‌ട്രീയം തുടരുന്നുവെന്നാണ്‌ തെരഞ്ഞെടുപ്പിനു ശേഷമുള്ള നാലുമാസത്തെ അനുഭവം വ്യക്തമാക്കുന്നത്‌. പുള്ളിപ്പുലിയുടെ പുള്ളി മായാത്തതുപോലെ മാധ്യമങ്ങൾ ഇടതുപക്ഷത്തോടുള്ള കൂറും ഇടതുപക്ഷത്തോടുള്ള വിരോധവും ഉപേക്ഷിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു അധ്യക്ഷനായിരുന്നു. ജനയുഗം പത്രാധിപർ രാജാജി തോമസ്‌, വിവരാവകാശ കമീഷണർ കെ വി സുധാകരൻ, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം, സ്വരലയ ചെയർമാൻ ജി രാജ്‌മോഹൻ, ഭരത്‌ഭവൻ സെക്രട്ടറി പ്രമോദ്‌ പയ്യന്നൂർ, അക്കാദമി ഫോട്ടോ ജേർണലിസം കോർഡിനേറ്റർ ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment