Featured
എല്ലാം ശരിയാക്കി, ഒടുവിൽ ശമ്പളവും

- പിൻപോയിന്റ്
ഡോ. ശൂരനാട് രാജശേഖരൻ
ഇടതു മുന്നണി വരും, എല്ലാം ശരിയാകും എന്നു പിണറായി വിജയൻ പണ്ടു പറഞ്ഞപ്പോൾ എല്ലാം ഇത്രവേഗം ശരിയാകും എന്നു കരുതിയതേയില്ല.
കുത്താൻ ഒരു നുള്ളു വിത്ത് പോലുമില്ലാതെ സർക്കാർ ഖജനാവിൽ പൂച്ച പെറ്റുകിടക്കാൻ തുടങ്ങിയിട്ടു നാളേറെയായി. സർക്കാർ സംവിധാനങ്ങളെല്ലാം പാടേ നിശ്ചലം. കഴിഞ്ഞ നാലഞ്ചു വർഷമായി സർക്കാർ പ്രവർത്തനം ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. ഇപ്പോൾ അതും മുടങ്ങി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. ഈ കുറിപ്പ് തയാറാക്കുമ്പോൾപ്പോലും ഫെബ്രുവരി മാസത്തെ ശമ്പളം പൂർണമായി വിതരണം ചെയ്തു തീർന്നിട്ടില്ല.
സർക്കാർ സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങുന്നത് ഇടതു സർക്കാരിന്റെ കാലത്ത് പുതുമയേ അല്ലാതായി. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും കിട്ടണമെങ്കിൽ ഓരോ മാസവും ഹൈക്കോടതി കനിയണം. സിഡ്കോ പോലുളള ചെറുകിട സ്ഥാപനങ്ങളിൽ തവണക്കണക്കിനാണു ശമ്പളം. ഏറ്റവും കൂടുതൽ വിറ്റുവരവുള്ള ബെവ്കോ വരെ പ്രതിസന്ധിയിലാണ്.
മൂന്നു മാസമായി ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകളൊന്നും ട്രഷറിയിൽ മാറുന്നില്ല. സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ ബില്ലുകൾ മാറാതെ ആയിരക്കണക്കിനു കരാറുകാരാണ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നത്. നെല്ലു സംഭരിച്ചതു മുതൽ മാവേലിസ്റ്റോറുകളിൽ സാധനങ്ങൾ ഇറക്കിയതിനു വരെ സഹസ്രകോടികളുടെ കടമുണ്ട്, കൊടുത്തു തീർക്കാൻ. മാവേലി സ്റ്റോറുകളിലും സപ്ലേകോ ഔട്ട്ലെറ്റുകളിലും അവശ്യ സാധനങ്ങളൊന്നുമില്ല. റേഷൻ കടകൾ വെറുതേ തുറന്നു വച്ചിരിക്കുന്നു എന്നേയുള്ളു. ഈ പോസ് മെഷിനുകളെ കുറ്റം പറഞ്ഞ് കടകൾ മിക്കപ്പോഴും മുടക്കമാണ്.
സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയുടെ പേരിൽ കേന്ദ്ര സർക്കാരിനെതിരേ സുപ്രീം കോടതിയിൽ പോയതിന്റെ തിരിച്ചടി വരാനിരിക്കുന്നതേയുള്ളൂ. സാമ്പത്തിക വർഷത്തിന്റെ അവാസന ദിവസങ്ങളിൽ കുറഞ്ഞത് 25,000 കോടി രൂപയെങ്കിലും കിട്ടിയാലേ കേരളത്തിനു പിടിച്ചു നിൽക്കാനാവൂ. കേസും വട്ടങ്ങളുമായി അതിനുള്ള സാധ്യതയും ഇല്ലാതായി. കാര്യങ്ങൾ ഈ വഴിക്കാണു പോകുന്നതെങ്കിൽ അടുത്ത മാസവും സർക്കാർ ജീവനക്കാർക്ക് ശമ്പളം എന്നു കിട്ടുമെന്നു പറയാനാവില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഇത്രത്തോളം തകർന്ന ഒരു സന്ദർഭം ഇതിനുമുൻപൊരിക്കലും ഉണ്ടായിട്ടേയില്ല.
2018ലെ പ്രളയം പോലെ ഇതൊരു മനുഷ്യനിർമിത പ്രതിസന്ധിയാണ്. വരവിൽ കവിഞ്ഞ് ചെലവാക്കുന്നത് ചിലപ്പോഴൊക്കെ അനിവാര്യമായി വന്നേക്കാം. എന്നാൽ കടമെടുത്ത് ആർഭാടം നടത്തുന്നതിന്റെ ദുരന്തമാണ് ഇന്നു കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനം. കേരളീയം മുതൽ ലോക കേരള സഭ വരെ എത്രയെത്ര പാഴ്ച്ചെലവുകളാണ് ഇടതു സർക്കാർ നടത്തിയത്. കാണം വിറ്റും ഓണമുണ്ണാനുള്ള കുറുക്കു വഴിയായി സർക്കാർ തെരഞ്ഞെടുത്ത കിഫ്ബി ഫണ്ടും സംസ്ഥാനത്തിനു തീരാക്കടമായി.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കു പ്രകാരം സംസ്ഥാനത്തിന്റെ പൊതു കടം 4,29,270.6 കോടി രൂപയാണ്. 2016ൽ ഉമ്മൻ ചാണ്ടി അധികാരമൊഴിയുമ്പോഴുണ്ടായിരുന്നത് 1,62,271.5 കോടി രൂപ മാത്രം. കേരളം രൂപം കൊണ്ട 1956 മുതലുള്ള 60 വർഷത്തെ സഞ്ചിത കടമാണിത്. അതേ സമയം പിണറായി വിജയൻ അധികാരത്തിൽ വന്നശേഷമുള്ള എട്ടു വർഷത്തെ അധിക കടബാധ്യത 2,66,999.1 കോടി രൂപയും. നടപ്പ് സാമ്പത്തിക വർഷം നമുക്ക് കടമെടുക്കാനുള്ള പരിധി 32,442 കോടി രൂപയാണ്. ഈ തുകയ്ക്കു പുറമേ, 1,787.38 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് 13,608 കോടി രൂപയുടെ വായ്പയ്ക്കു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കേരളം സൂപ്രീം കോടതിയിൽ പോയതിന്റെ ദേഷ്യം തീർക്കാൻ ഈ തുക എടുക്കാനുള്ള അനുമതി നീളുകയാണ്. റിസർവ് ബാങ്കിന്റെ തീരുമാനപ്രകാരം ഈ മാസം ഇനി മൂന്നു ദിവസം കൂടി മാത്രമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച തീരുമാനമെടുക്കാൻ കിട്ടുക. അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ഈ മാസം അവസാനത്തോടെ ട്രഷറിക്കു താഴ് വീഴും.
കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാൻ വൈകിയതു വഴി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വണ്ടിച്ചെക്ക് നൽകിയ സ്ഥിതിയായിരുന്നു. സാധാരണ നിലയ്ക്ക് ശമ്പളവും പെൻഷനും എത്തുന്ന എംപ്ലോയീസ് ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ പണം എത്തിച്ചു എന്നു വരുത്തിയ ശേഷം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കാതെ മാറി നിന്നു. രേഖപ്രകാരം ശമ്പളം നല്കിയെന്നും ഫലത്തിൽ പണം കൈയിൽ കിട്ടിയില്ലെന്നുമാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. സർക്കാർ എന്തിനാണ് ഇങ്ങനെയൊരു വളഞ്ഞ വഴി സ്വീകരിച്ചതെന്നും അവർ ചോദിക്കുന്നു. അഞ്ചു ലക്ഷത്തോളം സർക്കാർ ജീവനക്കാരും അഞ്ചേകാൽ ലക്ഷത്തോളം പെൻഷൻകാരുമാണ് സർക്കാരിന്റെ ചതിക്കുഴിയിൽ വീണത്.
ഭരണത്തിന്റെ പിടിപ്പുകേടും സാമ്പത്തിക അച്ചടക്കമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് സർക്കാരിനെ വട്ടം കറക്കുന്നത്. അറുപതു ലക്ഷത്തോളം വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരെ ആറുമാസമായി സർക്കാർ തിരിഞ്ഞു നോക്കുന്നില്ല.
ഇവർക്കു പെൻഷൻ നൽകാനെന്നു പറഞ്ഞ് ഏർപ്പെടുത്തിയ ഇന്ധന സെസ് പൊതുഖജനാവിനു നഷ്ടപ്പെടുത്തിയത് ഏതാണ്ട് 1,800 കോടി രൂപയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുത്തില്ലെന്നു മാത്രമല്ല, സംസ്ഥാനത്തിനു വെറുതേ കിട്ടേണ്ടിയിരുന്ന 1,800 കോടി രൂപ കളഞ്ഞുകുളിക്കുകയും ചെയ്തു.
പെട്രോളിനും ഡീസലിനും ലിറ്ററൊന്നിന് രണ്ടു രൂപ സെസ് പിരിക്കാനുള്ള തീരുമാനമാണു തിരിച്ചടിയായത്. കേരളത്തിനെക്കാൾ രണ്ടു രൂപ കുറവുള്ളതിനാൽ ചരക്ക് വാഹനങ്ങളടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ തുടങ്ങിയതോടെ കേരളത്തിൽ പ്രതിമാസം പെട്രോൾ വില്പനയിൽ ഏതാണ്ട് ഒന്നര കോടി ലിറ്ററിന്റെ കച്ചവടം കുറഞ്ഞു. ഡീസൽ വില്പന 6.38 കോടി ലിറ്ററും. ഒരു ലിറ്റർ പെട്രോളിന് സംസ്ഥാന നികുതി ഏകദേശം 25 രൂപയും ഡീസൽ നികുതി 18 രൂപയുമാണ്. രണ്ടും കൂടി ഒരു മാസം 150 കോടി രൂപയുടെ വരുമാനമാണ് ഇല്ലാതായത്. ഇത്രയും വലിയ നികുതി ചോർച്ച ഒറ്റയടിക്ക് ഉണ്ടായിട്ടും സെസ് പിൻവലിക്കില്ലെന്നാണ് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഈ നികുതി ചോർച്ചയ്ക്കു സർക്കാർ വളം വച്ചു കൊടുക്കുന്നതെന്നു തീരെ മനസിലാകുന്നില്ല.
പലകാര്യങ്ങളിലും ചരിത്രം സൃഷ്ടിച്ചാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്. അഴിമതിയുടെ കാര്യത്തിൽ ലോകറെക്കോഡ്‍ തന്നെ സ്ഥാപിച്ചു. പിൻവാതിൽ നിയമനങ്ങളുടെ അനന്ത സാധ്യതകളെല്ലാം പരീക്ഷിച്ചു വിജയം കുറിച്ചു. ഉന്നത വിദ്യാഭ്യാസ മേഖല അപ്പാടെ സ്വജനവൽക്കരിക്കപ്പെട്ടു. രാജ്യത്താദ്യമായി ഗവർണറുടെ സുരക്ഷയിൽ നിന്ന് സംസ്ഥാന പൊലീസിനെ ഒഴിവാക്കി നാണക്കേടിന്റെ റെക്കോഡ് സ്ഥാപിച്ചു. എസ്എഫ്ഐ എന്ന ക്യാംപസ് പ്രസ്ഥാനത്തെ ഗൂണ്ടാ ക്രിമനൽ സംഘങ്ങളാക്കി കലാലയങ്ങളെ കൊലയറകളാക്കി. മാവേലി സ്റ്റോറുകളും സപ്ലൈ കോ സ്റ്റോറുകളും റേഷൻ കടകളും ഒഴിഞ്ഞ ആക്രിക്കടകളാക്കി. അതിനെല്ലാം ഉപരി, കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വന്തം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ശമ്പളവും പെൻഷനും മുടക്കി ട്രഷറിയും അടച്ചുപൂട്ടി. ഇത്രയും നെറികെട്ട, വെറികൊണ്ടു വീർപ്പു മുട്ടിപ്പോയ ഒരു ഭരണ സംവിധാനം നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ല.
കക്കെക്കക്കെ മുടിയുക, മുടിയെ മുടിയെ കക്കുക എന്നൊരു നാട്ടുചൊല്ലുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും സർക്കാരിന്റെ മനോഭാവവും പരിശോധിക്കുന്ന ആർക്കും ഈ ചൊല്ല് അന്വർഥമാണെന്നു ബോധ്യപ്പെടും.
Featured
കോളേജുകളിൽ ലഹരി മരുന്ന് വിപണനത്തിന്റെ മുഖ്യകണ്ണിയായി എസ്എഫ്ഐ മാറി; പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

കൊച്ചി: കളമശേരിയില്‍ കോളജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലഹരിമരുന്ന് മാഫിയയ്ക്ക് കേരളത്തില്‍ രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ടെന്ന് സതീശൻ പ്രതികരിച്ചു.
ലഹരിമാഫിയ സംസ്ഥാനത്ത് അവരുടെ ശ്യംഖല വ്യാപിപ്പിക്കുകയാണ്. ആ കണ്ണികളെ വികസിപ്പിക്കുന്നതില്‍ എസ്എഫ്ഐ വലിയ പങ്ക് വഹിക്കുന്നുണ്ട്. പഠനം കഴിഞ്ഞ് പോയവര്‍ കാമ്പസുകളില്‍ തങ്ങുന്നു. മയക്കുമരുന്നിന് പണം ചോദിച്ച് അവർ കുട്ടികളെ റാഗ് ചെയ്യുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് വലിയ അപകടമുണ്ടാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Alappuzha
കെ.സി വേണുഗോപാൽ എംപിക്കെതിരായ അപകീർത്തി പരാമർശത്തിൽ ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെ.സി.വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശോഭ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത് പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വ്വം നടത്തിയ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാന്‍ . ഇതിനെതിരെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.
ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് ക്രിമിനല്‍ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നേരത്തെ കെ.സി. വേണുഗോപാല്‍ ശോഭാ സുരേന്ദ്രനെതിരായി പരാതിയും നല്‍കിയിരുന്നു. അഡ്വ.മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍ സനല്‍ കുമാര്‍, അഡ്വ.കെ.ലാലി ജോസഫ് എന്നിവര്‍ മുഖേനെയാണ് കെ.സി വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
Featured
ആശമാരുടെ സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്; അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

ന്യൂഡൽഹി: ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ ശമ്പള വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. കൊടിക്കു ന്നിൽ സുരേഷ് എംപിയാണ് ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വി.കെ. ശ്രീകണ്ഠൻ എംപി മലയാളത്തിൽ വിഷയമുന്നയിച്ചു. ആശാ വർക്കർമാരുടെ മാന്യമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
ആശാ വർക്കർമാർക്ക് നിലവിലുള്ള 7,000 രൂപയ്ക്ക് പകരം 21,000 രൂപ വേതനവും മറ്റ് വിരമിക്കൽ ആനു കൂല്യങ്ങളും നൽകണമെന്ന് കെ.സി. വേണുഗോപാൽ എംപി പാർലമെൻ്റിലെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, പൊതുജനാരോഗ്യ രംഗത്ത് പ്രവർ ത്തിക്കുന്നവരുടെ അവസ്ഥയാണ് ആശാ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നതെന്നും അവർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകണമെന്നും ശശി തരൂർ എംപി ആവശ്യപ്പെട്ടു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login