അഭിഭാഷക – മാധ്യമ സംഘർഷം : നിലപാടെടുക്കാതെ സർക്കാർ ; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കമ്മീഷൻ റിപ്പോർട്ട്

തിരുവനന്തപുരം: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം നടത്തിക്കൊണ്ട് ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നിലപാട് സ്വീകരിക്കാതെ സർക്കാർ. സംഘർഷവുമായി ബന്ധപ്പെട്ട വിവിധ ക്രിമിനൽ കേസുകൾ കോടതി പരിഗണനയിൽ ആയതിനാൽ പ്രത്യേകിച്ച് ഒരു നിലപാട് എടുക്കില്ലെന്നാണ് സർക്കാർ സർക്കാർ വിശദീകരിച്ചത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകൾ പരിശോധിച്ച് നടപ്പിലാക്കും. ഇതിനായി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയേയും നിയമവകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2016 ജൂലൈ 20 ന് ഹൈക്കോടതിയുടെ മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവും തുടർന്ന്  ലാത്തിച്ചാർജിലേക്ക് നയിച്ച സംഭവങ്ങളുമാണ് ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന്‍ അന്വേഷിച്ചത്. ഹൈക്കോടതിക്ക് മുന്നിൽ ഇരുവിഭാഗവും പരസ്പരം ചീത്ത വിളിച്ചത് പ്രകോപനം ആയെന്ന് കമ്മിഷന്റെ കണ്ടെത്തലിൽ പറയുന്നു. അക്രമ സംഭവം തടയുന്നതിന് ജില്ലാ തലത്തിലെ പൊലീസ് ഉദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ല. മുൻകൂർ നിർദേശങ്ങൾ ബന്ധപ്പെട്ട അധികൃതർ നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി പരിസരത്ത് ജൂലൈ 19 ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അനുമതിയില്ലാത്ത ഈ മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ജൂലൈയ് 20 ലെ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. പൊലീസ് ലാത്തിച്ചാർജിലാണ് ഭൂരിഭാഗം അഭിഭാഷകർക്കും ക്ലർക്കുമാർക്കും പരിക്കേറ്റത്. ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.
ഹൈക്കോടതിയിലെ നാലാം നിലയിലെ മീഡിയ റൂമിന് പുറത്ത് അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് കമ്മീഷന് നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. കോടതിക്കുള്ളില്‍ കയറി അന്വേഷണം  നടത്താന്‍ കമ്മീഷന് അധികാരമില്ലാത്തതാണ് കാരണം. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ പ്രകോപനം എന്തെന്ന് അതിനാല്‍ കണ്ടെത്താനായിട്ടില്ല. 

Related posts

Leave a Comment