നിയമ വിദ്യാർഥിനിയുടെ ആത്മഹത്യ: ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്നു യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ്കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആലുവ എടയപ്പുറം കക്കാട്ടിൽ ദിൻഷാദിന്റെ മകളും തൊടുപുഴ അൽ അസർ ലോ കോളെജിലെ മൂന്നാം വർഷ വിദ്യാർഥിനിയുമായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. യുവതിയുടെ ഭർത്താവ് കോതമം​ഗംലം ഇരമലപ്പടി മലേക്കുടി മുഹമ്മദ് സുഹൈൽ, പിതാവ് യൂസുഫ് എന്നിവരാണു പോലീസ് കസ്റ്റഡിയിലായത്. യൂസുഫിന്റെ ഭാര്യയെയും പോലീസ് കസ്റ്റ‌ഡിയിലെടുത്തെന്നാണു സൂചന. സ്ത്രീധന പീഡനം. ​ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവങ്ങൾ. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് മോഫിയയും സുഹൈലും തമ്മിൽ വിവാഹിതരായത്. സമൂഹ മാധ്യമങ്ങളിൽക്കൂടി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായി. പിന്നീടു മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിന്ന മോഫിയയുടെ വീട്ടുകാർ വിവാഹത്തിനു സ്ത്രീധനമായി ഒന്നും നൽകിയിരുന്നില്ല. സൽക്കാരമടക്കമുള്ള നടപടികൾ അടുത്ത മാസം നടത്താമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നുള്ള തർക്കമാണ് കലഹത്തിലേക്കും പീഡനത്തിലേക്കും നയിച്ചത്.
സിനിമ നിർമിക്കുന്നതിനും മറ്റുമായി സുഹൈൽ 40 ലക്ഷം രൂപ ആവശ്യപ്പെടുന്നതായി മോഫിയ മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് അറിയച്ചതോടെ മോഫിയയ്ക്ക് മനോരോ​ഗമാണെന്ന് പറഞ്ഞ് വിവാഹമോചനത്തിനു നോട്ടീസ് നൽകി. ഇതേക്കുറിച്ചു പരാതിയുമായി മോഫിയ ആലുവ ഈസ്റ്റ് സ്റ്റേഷനിലെത്തി. ചർച്ചകൾക്ക് സുഹൈലിനെയും പൊലീസ് വിളിച്ചുവരുത്തി.
ഒരു സിപിഎം നേതാവിനെയും കൂട്ടിയാണ് സുഹൈൽ എത്തിയത്. അതോടെ, പൊലീസ് സുഹൈലിന്റെ പക്ഷം ചേർന്നു സംസാരിച്ചെന്ന് മോഫിയ മാതാപിതാക്കളോടു പറഞ്ഞു. തനിക്കെതിരേ അപവാദം പ്രചരിപ്പിച്ച സുഹൈലിനെ പൊലീസ് സ്റ്റേഷനിൽ വച്ചു മോഫിയ കരണത്തടിച്ചു.
പിന്നീടു വീട്ടിലെത്തിയ യുവതി മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരം പുറത്തു വരാതിരുന്നപ്പോൾ ബന്ധുക്കൾ ജനൽപാളികൾ തകർത്തു നോക്കി. അപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. വിവരമറിയിച്ചു പോലീസ് എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.
മോഫിയയുടെ മരണ വിവരമറിഞ്ഞ സുഹൈലും മാതാപിതാക്കളും അവരുടെ വീട് വിട്ടു പോയി. തുടർന്ന് പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നു പുലർച്ചെയാണ് ഇവരെ കണ്ടെത്തിയതും കസ്റ്റഡിയിൽ എടുത്തതും. ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.
അതിനിടെ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്റ്റർ സുധീറിനെ റൂറൽ എസ്പി ചുമതലകളിൽ നിന്ന് മാറ്റി നിർത്തി. സ്റ്റേഷൻ ചുമതലകളിൽ
നിന്ന് ഒഴിവാക്കിയ അദ്ദേഹത്തിനു പകരം ചുമതല നൽകിയതുമില്ല. കൊല്ലം അഞ്ചൽ ഉത്ര വധക്കേസിന്റെ പാളിച്ചകളുടെ പേരിൽ നടപടി നേരിട്ടയാളാണ് സുധീർ.

Related posts

Leave a Comment