ലാവ്‌ലിന്‍: മാറ്റിവെയ്ക്കല്‍ പരമ്പരക്ക് വേഗപ്പൂട്ട്; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ലാവ്‌ലിന്‍ കേസില്‍നിന്ന് വഴുതിമാറാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നതാണ് കഴിഞ്ഞദിവസത്തെ സുപ്രീംകോടതി നിര്‍ദ്ദേശം. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്തംബര്‍ 13ന് പരിഗണിക്കും. പലതവണ ലിസ്റ്റ് ചെയ്തിട്ടും ഹര്‍ജികള്‍ പരിഗണിക്കുന്നത് അനന്തമായി മാറ്റിവെയ്പ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ കേസ് സമാനതകളില്ലാത്ത തരത്തില്‍ മാറ്റിവെച്ച് കേസിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കുകയായിരുന്നു. ഹര്‍ജിക്കാരില്‍ ഒരാളായ ടിപി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സെപ്തംബര്‍ 13-ലെ പട്ടികയില്‍ നിന്ന് ഹര്‍ജികള്‍ നീക്കരുതെന്ന് ജസ്റ്റിസ് യുയു ലളിത് നിര്‍ദ്ദേശിച്ചത്. പിണറായി വിജയന് പുറമെ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ കേരള ഹൈക്കോടതി വിധിക്കെതിരെ കേസ് അന്വേഷിച്ച സിബിഐയും ഹര്‍ജികള്‍ പരിഗണിക്കാതെ നിരന്തരമായി മാറ്റിവെയ്ക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ 2018 ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നതാണ്. പിന്നീട് പലവട്ടം ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. 30 തവണ ഹര്‍ജികള്‍ മാറ്റിവെച്ചത് അസാധാരണ നടപടിയായിരുന്നു. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും നീതിപീഠത്തെ അപഹസിക്കുന്നതുമായിരുന്നു ഈ നടപടി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസില്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരന്‍ നായര്‍, മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ വിചാരണ നേരിടാതെയാണ് പിണറായി വിജയനെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത്. തങ്ങളെയും കേസില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റ് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയും കോടതി മുമ്പാകെയുണ്ട്. ഇവയിലും നോട്ടീസ് അയച്ചിരുന്നതാണ്. ഏറ്റവും ഒടുവില്‍ ഓഗസ്റ്റ് 22ന് കേസ് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് പിന്നീട് സെപ്തംബര്‍ 13ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ലാവ്‌ലിന്‍ കേസ് നീക്കം ചെയ്യരുതെന്ന് കോടതി പ്രത്യേക നിര്‍ദ്ദേശം നല്‍കിയത്. 2018 ജനുവരിയിലായിരുന്നു സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്. പിന്നീട് കേസ് മാറ്റിവെക്കലിന്റെ പരമ്പര തന്നെയായിരുന്നു. വിചാരണകൂടാതെയായിരുന്നു പിണറായി വിജയനടക്കം മൂന്നുപേര്‍ക്ക് വിടുതല്‍ ലഭിച്ചത്. ഹര്‍ജി തുടര്‍ച്ചയായി മുപ്പത് തവണ മാറ്റിവെച്ചതിന്റെ അനൗചിത്യം നിയമവൃത്തങ്ങളില്‍തന്നെ വിവാദമായിരുന്നു. അഭിഭാഷക എംകെ അശ്വതി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നപ്പോഴാണ് സുപ്രീംകോടതി കേസ് മാറ്റിവെക്കുന്നതിനെതിരെ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഹര്‍ജികള്‍ പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. ഇത് അസാധാരണമായ നടപടിയായിരുന്നു. കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത് ജസ്റ്റിസ് യുയു ലളിത് അടങ്ങുന്ന ബെഞ്ചായിരുന്നു. ലളിത് ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബെഞ്ച് തന്നെയായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. നന്ദകുമാറിന്റെ ഹര്‍ജിക്ക് പുറമെ സിബിഐയും അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് മാറ്റിവെയ്ക്കുന്നതില്‍ സിബിഐയ്ക്കും പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പരിഗണനക്ക് വന്നപ്പോള്‍ തങ്ങളുടെ അഭിഭാഷകന് ജോലിതിരക്കായതിനാല്‍ കേസ് മാറ്റിവെയ്ക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. പ്രമാദമായ ഈ കേസിന്റെ തുടക്കം സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമാണ്. 2007 ജനുവരി 16നാണ് കേരള ഹൈക്കോടതി ലാവ്‌ലിന്‍ കേസ് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തുന്നത്. 2008 ഫെബ്രുവരി 18ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ തുടക്കത്തില്‍ കാണിച്ച ആവേശമൊന്നും പില്‍ക്കാലത്തുണ്ടായില്ല. കേസ് നിയമാനുസൃത കാരണങ്ങളാല്‍ മാറ്റിവെയ്ക്കാം. ഈ സൗകര്യമനുസരിച്ച് കേസ് മാറ്റിവെക്കുന്നതില്‍ പ്രതികള്‍ക്ക് മാത്രമല്ല, അന്വേഷണ ഏജന്‍സിയായ സിബിഐക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. ലാവ്‌ലിന്‍ കേസ് നിലനില്‍ക്കെ പിണറായി വിജയനെ രണ്ടുതവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും മുഖ്യമന്ത്രിയാക്കിയതും സിപിഎമ്മിന്റെ അവസരവാദമുഖം വ്യക്തമാക്കുന്നതായിരുന്നു.
കേസ് മാറ്റിവെയ്പ്പിക്കുന്നതിന് വിചിത്രവാദവുമായി കോടതിയിലെത്തുന്ന പ്രതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്ന അന്വേഷണ ഏജന്‍സിയെക്കുറിച്ചും തള്ളിക്കളയാനാവാത്ത സന്ദേഹങ്ങള്‍ ദുരീകരിക്കേണ്ടതായുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ചതും മുഖ്യമന്ത്രിയായതും അഴിമതിക്കുള്ള അനുവാദപത്രമായി കാണരുത്.

Related posts

Leave a Comment