അവസാന മുന്നറിയിപ്പ് ജൈവ യുദ്ധത്തെക്കുറിച്ച്, ഒന്നിച്ചു നില്ക്കാൻ ആഹ്വാനം

ന്യൂഡൽഹി: കോവിഡ് മഹാമാരി ഒരു മുന്നറിയിപ്പാണ്. ലോകം ജൈവയുദ്ധത്തിന്റെ പിടിയിലായേക്കാമെന്നതിന്റെ മുന്നറിയിപ്പ്. പക്ഷേ, കരുതലും ജാ​ഗ്രതയും ഒരുമയുമുണ്ടെങ്കിൽ ഏതു വിപത്തിനെയും മറികടക്കാം. തന്റെ അവസാനത്തെ പൊതു പരിപാടിയിൽ ജനറൽ റാവത്ത് പറഞ്ഞതിങ്ങനെ. ലോകത്തിനു തന്നെ ഭീഷണിയായേക്കാവുന്ന ജൈവ യുദ്ധത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ബിംസ്റ്റെക്ക് രാജ്യങ്ങളുടെ ദുരന്ത നിവാരണ അഭ്യാസ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കു പുറമേ, ബംഗ്ലാദേശ്, മ്യാന്മർ, നേപ്പാൾ, തായ്‍ലൻഡ്, ഭൂട്ടാൻ, ശ്രീലങ്ക, എന്നീ രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. ലോകം നേരിട്ട കൊവിഡ് മഹാമാരിയെ ഉദാഹരിച്ചായിരുന്നു തുടക്കം. വാക്സിൻ പങ്കുവച്ചും പ്രതിരോധ സാമഗ്രികൾ കൈമാറിയും മഹാമാരിയെ നേരിട്ട രീതി അദ്ദേഹം ശ്ലാഘിച്ചു. ദുരന്തമേതായാലും അതിനെ നേരിടാൻ സായുധ സേനകൾ തയ്യറാകണം. പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചാൽ ഫലം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സേനക്ക് പുതിയ മുഖം നൽകാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനിടയിലാണ് ജനറൽ ബിപിൻ റാവത്തിൻറെ മരണം. കോളനികാല ആചാരങ്ങൾ മാറ്റിയെഴുതി തദ്ദേശീയമായി സേനയെ വാർത്തെടുക്കാനുള്ള പദ്ധതിക്ക് ജനറൽ ബിപിൻ റാവത്ത് തുടക്കമിട്ടിരുന്നു. സൈന്യത്തിൽ അടിമുടി മാറ്റം, ആയുധ സംഭരണത്തിന് പുതിയ പദ്ധതികൾ, ദുരന്ത നിവാരണത്തിനായി സൈന്യത്തിൻറെ ഏകോപനം, അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തൽ, തന്ത്രപ്രധാന സൈനിക നീക്കങ്ങളിലെ ഏകോപനം, ഒപ്പം സാധാരണ പട്ടാളക്കാർക്കിടയിൽ വിശ്വാസവും ആത്മധൈര്യവും വളർത്തിയെടുക്കാനും പുതുതലമുറയെ സൈന്യത്തിലേക്ക് അടുപ്പിക്കാനും നടപടികൾ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ സംയുക്ത സേനാ മേധാവി ഏറ്റെടുത്തിരുന്നു.

Related posts

Leave a Comment