ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരുടെ മൃതദേഹങ്ങൾ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയിലേക്കു മാറ്റി. ഇന്നു വൈകുന്നേരം കൻറോൺമെൻറിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
അപകടത്തിൽ കൊല്ലപ്പെട്ട ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ മൃതദേഹം സമ്പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ- സൈനിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ റാവത്തിൻറെയും മധുലികയുടെയും മൃതദേഹങ്ങൾ രാവിലെ 11 മുതൽ പൊതുദർശനത്തിന് വച്ചു. ഉച്ചയ്ക്ക് 11 മുതൽ 12 വരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാം. 12.30 മുതൽ 1.30 വരെ സേനാംഗങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കും. മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി, തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാൻ ഇവിടെ എത്തിയിരുന്നു.