സംസ്കാരം നാളെ, ഇന്നുച്ച കഴിഞ്ഞ് ഡൽഹിയിലേക്കു കൊണ്ടു പോകും

ന്യൂഡൽഹി: ഹെലികോപ്റ്റർ ദുരന്തത്തിൽ രക്തസാക്ഷിത്വം വരിച്ച സംയുക്ത സേനാ മേധാവി ജനറല് ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ സമ്പൂർണ ദേശീയ- സൈനിക ബഹുമതികളോടെ ന്യൂഡൽഹിയിൽ. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിൻറെ മൃതദേഹങ്ങൾ ഇന്ന് വൈകീട്ട് സൈനിക വിമാനത്തിൽ തലസ്ഥാനത്തെത്തിക്കും. അപകടത്തിൽ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹവും ഡൽഹിയിലാണ് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്നുച്ചയോടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സൈനിക ആശുപത്രിയിൽ നിന്ന് സുലൂർ സൈനിക താവളത്തിലെത്തിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ളവർ ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കും. വ്യോമസേനാ മേധാവി എയർ മാർഷൽ വി.ആർ. ചൗധരി അടക്കമുള്ള ഉന്നത സൈനിക ഉദ്യോ​ഗസ്ഥരും സുലൂരിലെത്തിയിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥൻറെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന് 65 ശതമാനം പൊള്ളലേറ്റു. അതീവ ​ഗുരുതരാവസ്ഥയിലാണ് വരുൺ സിം​ഗ്.

Related posts

Leave a Comment