ല​ഖിം​പു​ർ കേസിൽ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ല​ഖിം​പു​ര്‍ ഖേരിയില്‍ നാ​ലു ക​ര്‍​ഷ​ക​രെ വാ​ഹ​ന​മി​ടി​ച്ച്‌ കൊ​ലപ്പെടുത്തിയ കേ​സി​ല്‍ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശം. കേസിലെ തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടത്തണം. സാക്ഷികള്‍ക്ക് ആവശ്യമായി സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഉത്തര്‍പ്രദേശ് പൊലീസിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

യു.പി പൊലീസ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ച കോടതി, കാര്യമായ അന്വേഷണം നടക്കുന്നുവെന്ന് തോന്നുന്നതായി വ്യക്തമാക്കി. പൊലീസ് അന്വേഷണം സുപ്രീംകോടതി നിരീക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി. നവംബര്‍ എട്ടാം തീയതി കേസ് വീണ്ടും പരിഗണിക്കും. അന്ന് പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി യു.പി പൊലീസിനോട് നിര്‍ദേശിച്ചു.

68 സാക്ഷികളില്‍ 30 പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് ഉത്തര്‍പ്രദേശ് പൊലീസ് കോടതിയെ അറിയിച്ചു.

ഒക്ടോബര്‍ 20ന് കേസ് പരിഗണിച്ച സു​പ്രീം​കോ​ട​തി, അന്വേഷണം സംബന്ധിച്ച്‌ ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ യു.പി പൊലീസ് നടത്തുന്ന അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്ന് ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്‍.​വി. ര​മ​ണ അധ്യക്ഷനായ മൂ​ന്നം​ഗ ബെ​ഞ്ച്​ താക്കീത് ചെയ്തിരുന്നു.

അന്വേഷണം മന്ദഗതി‍യിലാക്കാന്‍ സംസ്ഥാന പൊലീസ് ശ്രമിക്കരുതെന്ന് മൂ​ന്നം​ഗ ബെ​ഞ്ച്​ ചൂണ്ടിക്കാട്ടി. കേസിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ടിന് വേണ്ടി പുലര്‍ച്ചെ വരെ കാത്തിരുന്നു. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്‍.​വി. ര​മ​ണ വ്യക്തമാക്കി.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിടണമെന്ന ഹരജി പരിഗണിക്കവെയാണ് രൂക്ഷ വിമര്‍ശനം നടത്തിയത്.

Related posts

Leave a Comment