ഓർമയിൽ ഇന്ന് : ലാൽ ബഹദൂർ ശാസ്ത്രി റെയിൽവേ മന്ത്രിസ്ഥാനം രാജിവെച്ചു

ദീര്‍ഘവീക്ഷണം മാത്രമല്ല നിലപാടുകളിലെ സത്യസന്ധതയും കോണ്‍ഗ്രസ്സുകാരുടെ മാത്രം കൈമുതലാണെന്നതിന് തെളിവാണ് ഇന്നത്തെ ദിവസം.
1956 നവംബര്‍ 23ാം തിയ്യതി തമിഴ്നാട്ടിലെ അറിയല്ലൂര്‍ എന്ന സ്ഥലത്തുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് 112 പേര്‍ മരണപ്പെട്ടു. റെയില്‍വേ മന്ത്രി എന്ന നിലയില്‍ ഈ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ലാല്‍ബഹദൂര്‍ ശാസ്ത്രി റെയില്‍വെ മന്ത്രി സ്ഥാനം രാജിവെച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആഗസ്റ്റില്‍ ആന്ധ്രപ്രദേശിലെ മഹാബുബ്നഗറില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അത് സ്വീകരിച്ചിരുന്നില്ല.

മാതൃകാപരമായ ഈ നടപടിയെ ലോകം മുഴുവന്‍ മുക്തകണ്ഠം പ്രശംസിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ലോകസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ശാസ്ത്രിയുടെ ആര്‍ജ്ജവത്തെയും മൂല്യബോധത്തെയും അഭിനന്ദിക്കുകയും ചെയ്തു. അപകടത്തിന് മന്ത്രി ഒരു തരത്തിലും ഉത്തരവാദിയല്ല എന്ന് എല്ലാവര്‍ക്കുമറിയാം, എങ്കിലും ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായതിനാലാണ് ഈ രാജി സ്വീകരിക്കുന്നത്, നെഹ്റു വ്യക്തമാക്കി.

ഈ വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ശാസ്ത്രി മറുപടി പറഞ്ഞത് ഇങ്ങനെയാണ് ‘ ചെറിയ മനുഷ്യനായതുകൊണ്ടും മൃദുഭാഷിയായതുകൊണ്ടും ശക്തമായ തീരുമാനങ്ങളെടുക്കാന്‍ ഞാന്‍ പ്രാപ്തനല്ല എന്ന ചിന്ത പൊതുവെയുണ്ടാകാം. എന്നാല്‍ ശരീരത്തിന് കരുത്ത് കുറവാണെങ്കിലും മനസ്സിന്റെ കരുത്തിന് ഒട്ടും കുറവില്ല എന്നാണ് എന്റെ വിശ്വാസം’.

Related posts

Leave a Comment