ലക്ഷദ്വീപിൽ വാട്ടർ വില്ലകൾ വരുന്നു: 800 കോടി രൂപ പദ്ധതിയുടെ പ്രഖ്യാപനവുമായി പ്രഫുൽ പട്ടേൽ

കവരത്തി: ലക്ഷദ്വീപിൽ വാട്ടർ വില്ലകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഇന്ത്യയിലാദ്യമായി മാലിദ്വീപുകളിലേതുപോലെ വാട്ടർ വില്ലകൾ നിർമിക്കുമെന്ന് പ്രഫുൽ പട്ടേൽ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. 800 കോടി രൂപ ചിലവിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്.

‘ലക്ഷദ്വീപിന്റെ പ്രകൃതിദത്തവും മനോഹരവുമായ ഇടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനായി വാട്ടർ വില്ലകൾ സ്ഥാപിക്കും. 800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലോകോത്തര സൗകര്യങ്ങളിൽ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന വില്ലകളാണ് നിർമിക്കുക’. പട്ടേൽ ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലും പുതിയ നയങ്ങൾ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് അഡ്മിനിസ്‌ട്രേറ്റർ.ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങൾ, സർക്കാർ ഡയറിഫാമുകൾ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി തുടങ്ങിയവയ്‌ക്കെതിരെ കടുത്ത എതിർപ്പുകളാണ് ദ്വീപിലും കേരളത്തിലും ഉണ്ടായിരുന്നത്.

Related posts

Leave a Comment