ചാണകം വാങ്ങുന്നതില്‍ പോലും ലക്ഷങ്ങളുടെ വെട്ടിപ്പ് ; വനം വകുപ്പിലെ കൊള്ള സര്‍ക്കാറിന് തലവേദനയാവുന്നുകോഴിക്കോട്: രാമനാട്ടുകര -വെങ്ങളം ബൈപാസ് ആറു വരിയാക്കുന്നതിന്റെ മറവില്‍ വെട്ടിമാറ്റിയ 2,354 മരങ്ങള്‍ക്ക് പകരം 26,000 തൈകള്‍ നട്ടുപിടിപ്പിച്ച് മൂന്നു വര്‍ഷം പരിപാലിക്കുന്ന പദ്ധതിയുടെ പേരില്‍ വനം വകുപ്പില്‍ വന്‍ കൊള്ള നടന്നെന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന് തലവേദനയാവുന്നു. 1.60 കോടി രൂപയുടെ പദ്ധതിയിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ്. വിവാദത്തെ തുടര്‍ന്ന്   ക്രമക്കേടുകളെ കുറിച്ച് വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററിനോട് (വിജിലന്‍സ്) അന്വേഷിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉത്തരവിട്ടു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ മന്ത്രി നിര്‍ബന്ധിതനായത്.


 2018ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 1.60 കോടി രൂപ ദേശീയപാത അതോറിറ്റി സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. മാഹി കോട്ടപ്പള്ളി കനാല്‍ റോഡ്, എന്‍ഐടി ക്യാംപസ്, വാദിറഹ്മ ഇംഗ്ലിഷ് സ്‌കൂള്‍ ക്യാംപസ്, മുക്കം എംഎഎംഒ കോളജ് എന്നിവിടങ്ങളിലാണ് തൈകള്‍ നടുന്നത്. തൈ നട്ടുപിടിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട പല പ്രവര്‍ത്തികളുടെയും അടങ്കല്‍ പുതുക്കാനും പരിശോധന നടത്താനും സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഈ ക്രമക്കേടുകളെ കുറിച്ചാണ് വിജിലന്‍സ് പിസിസിഎഫ് ഗംഗാസിങ് നേരിട്ട് അന്വേഷിക്കുക. ടെന്‍ഡര്‍ നല്‍കി പ്രവര്‍ത്തി ആരംഭിച്ചശേഷം അടങ്കല്‍ തുക അന്യായമായി വര്‍ധിപ്പിച്ച് കരാറുകാരന് അനധികൃത ലാഭം ഉണ്ടാക്കിയതായി കണ്‍സര്‍വേറ്ററുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചാണകപ്പൊടി കിലോയ്ക്ക് പരമാവധി 10 രൂപയുള്ളപ്പോള്‍ 40 രൂപയാണ് എസ്റ്റിമേറ്റില്‍. ഇപ്രകാരം 6,000 തൈകള്‍ക്ക് മാത്രം 1.80 ലക്ഷം രൂപയുടെ ചാണകം ഇടുന്നു എന്നാണ് കണക്ക്. മൊത്തം ഏഴര ലക്ഷത്തിന്റെ ചാണകപ്പൊടിയാണ് വാങ്ങിയത്! മമ്മട്ടി കൊണ്ട് തടം ഒരുക്കുന്നതിന് ഒന്നേകാല്‍ ലക്ഷം എഴുതിയ ശേഷമാണ് ചാണകപ്പൊടി ഇടാന്‍ വേറെ കണക്ക് തയ്യാറാക്കിയത്. അര കിലോ ചാണകപ്പൊടി ഒരു തൈയ്ക്ക് ചുവട്ടില്‍ ഇടുന്നു എന്നാണ് കണക്കിലുള്ളത്. നഴ്‌സറിയില്‍ തൈകള്‍ ഒരുക്കാന്‍ വെള്ളം നനയ്ക്കുന്നതിനായി 6.31 ലക്ഷം രൂപ ചെലവായി എന്നും മറ്റൊരു വ്യാജ കണക്കുണ്ട്. 6,000 തൈകള്‍ നടാന്‍ 3.82 ലക്ഷം ചെലവ് കാണിക്കുന്നുണ്ട്. ഇത്രയും തൈകള്‍ വാഹനത്തില്‍ കയറ്റാന്‍ മാത്രം 56,850 രൂപയാണ് കയറ്റിറക്കു കൂലി എഴുതിയെടുത്തത്. കരാര്‍ കൊടുത്ത നഴ്‌സറിയില്‍ വാച്ചര്‍മാരെ നിയമിക്കുന്നതിന് 2.27 ലക്ഷം എഴുതിയെടുത്തു.


 എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി നട്ടുപിടിപ്പിച്ച തൈകള്‍ പരിപാലിക്കാതെ പരിതാപകരമായ അവസ്ഥയിലാണ് കിടക്കുന്നത്. മൂന്നു വര്‍ഷത്തേക്ക് കരാറുകാരന് പരിപാലന ചുമതല ഉണ്ടെങ്കിലും നട്ടുപിടിപ്പിച്ച മിക്കവയും ഉണങ്ങിയ അവസ്ഥയിലാണ്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലൂടെ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. മരത്തൈകള്‍ക്ക് വളമായ് ഉപയോഗിക്കാനുള്ള ചാണകത്തിനു പോലും മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വരെ രേഖപ്പെടുത്തിയാണ് ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റുകള്‍ പാസാക്കിയത്. വിവിധ ജോലികള്‍ ഇരട്ടിപ്പിച്ച് എഴുതിയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ക്യാമ്പസില്‍ മരം വെച്ചുപിടിപ്പിക്കുന്നത് ഏറെ ദുഷ്‌കരമായ പ്രവര്‍ത്തനമായ് കണക്കാക്കിയുമാണ് വലിയ തുക എഴുതിയെടുത്തത്. സാമൂഹിക വനവല്‍ക്കരണ വിഭാഗത്തില്‍ ലക്ഷങ്ങളുടെ കൊള്ള തന്നെ പ്രതിക്കൂട്ടിലാക്കുമെന്ന ഘട്ടത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

Related posts

Leave a Comment