ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷക ജാഥയ്ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കര്‍ഷകരേയും മാദ്ധ്യമപ്രവര്‍ത്തകനെയും കൊന്ന സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഇതിനെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര അടക്കമുള്ള 13 പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുളള വകുപ്പുകള്‍ ചുമത്താന്‍ പ്രത്യേക അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചു. ആയുധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള അപേക്ഷയുമായി അന്വേഷണ ഉദ്യോഗസ്ഥന് വിദ്യാറാം ദിവാകര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതടക്കമുള്ള മൂന്ന വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ പ്രതികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനപൂര്‍വമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും അതിനാല്‍ നിലവിലുള്ള വകുപ്പുകള്‍ പിന്‍വലിച്ച് വധശ്രമത്തിന് കേസെടുക്കണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.