ലഖിംപൂര്‍ ഖേരി : കര്‍ഷകരെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ലഖ്‌നോവില്‍ നിന്നുള്ള ശേഖര്‍ ഭാരതിയെയാണ് അറസ്റ്റ് ചെയ്തത്. അന്‍കിത് ദാസിന്റെ അധീനതയിലുള്ള കാറാണ് ശേഖര്‍ ഓടിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയുടെ സുഹൃത്താണ് അന്‍കിത് ദാസ്.

ഒക്ടോബര്‍ മൂന്നിന് കേന്ദ്ര സഹ മന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമാണ് കര്‍ഷകപ്രതിഷേധക്കാരെ ഇടിച്ചിട്ടത്. വാഹനം കയറി നാല് പേര്‍ മരിച്ചു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അടക്കം നാല് പേര്‍ കൂടി മരിച്ചു.ഇതേ കേസില്‍ ആഷിഷ് മിശ്രക്കു പുറമെ നേരത്തെ ആഷിഷ് പാണ്ഡെ, ലവ് കുശ് പാണ്ഡെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആഷിഷിനെ ലിഖിംപൂര്‍ ഖേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണം പുരോഗമിക്കുന്ന മുറക്ക് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് എസ്‌ഐടി അറിയിച്ചു.എന്താണ് സംഭവത്തിനു പ്രേരകമായതെന്ന് ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാവുമെന്നാണ് കരുതുന്നതെന്ന് പോലിസ് പറഞ്ഞു.

അതേസമയം അറസ്റ്റിലായ ആഷിഷ് പോലിസുമായി സഹകരിക്കുന്നില്ല. അന്‍കിത് ദാസിന്റെയും ഡ്രൈവര്‍ ലത്തീഫിന്റെയും കീഴടങ്ങള്‍ അപേക്ഷ അഭിഭാഷകന്‍ മുഖേന കോടതിയില്‍ എത്തിച്ചിട്ടുണ്ട്.ശേഖര്‍ ഭാരതിയെ പോലിസ് 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. കോടതി ഇന്ന് കേസ് പരിഗണിക്കും.

Related posts

Leave a Comment