ലഖീംപൂർ കർഷക കൊലപാതകം ; ബിജെപി നേതാവുൾപ്പടെ നാല് പേർ കൂടി അറസ്റ്റിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസിൽ നാലു പേർ കൂടി അറസ്റ്റിൽ. വണ്ടിയിൽ ഉണ്ടായിരുന്ന ബിജെപി നേതാവ് ഉൾപ്പെടെയുള്ള വരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. സത്യപ്രകാശ് തൃപാഠി, സുമിത് ജയ്സ്വാൾ, ശിശുപാൽ, നന്ദൻ സിംഗ് ബിഷ്ത് എന്നിവരാണ് അറസ്റ്റിലായത്. ലഖിംപൂർ ഖേരി പോലീസും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘവും സംയുക്തമായി ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സത്യപ്രകാശ് ത്രിപാഠിയിൽ നിന്ന് ലൈസൻസുള്ള റിവോൾവറും 3 വെടിയുണ്ടകളും കണ്ടെടുത്തു. കർഷകർക്ക് ഇടയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിൽ നിന്ന് സുമിത് രക്ഷപ്പെടുന്നത് വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒക്ടോബർ മൂന്നിനാണ് നാല് കർഷകരുടെയും ഒരു പത്രപ്രവർത്തകന്റെയും ദേഹത്തേക്ക് വാഹനവ്യൂഹം ഓടിച്ചുകയറ്റിയത്. വാഹനങ്ങളിൽ ഒന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ തായിരുന്നു. വിഷയത്തിൽ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയും കേന്ദ്ര സർക്കാരും സ്വീകരിക്കുന്നത്. പ്രതിഷേധം കടുത്തെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഈ വിഷയത്തിൽ സുപ്രീംകോടതി കടുത്ത വിമർശനം ഉയർത്തിയതിന് പിന്നാലെ തൽസ്ഥിതി റിപ്പോർട്ടും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. അജയ് മിശ്രയുടെ മകൻ ആശിഷിനെ ഒക്ടോബർ ഒമ്പതിന് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കർഷകരുടെ നേർക്ക് ഓടിച്ചു കയറ്റിയ വാഹനത്തിൽ ആശിഷ് മിശ്രയും ഉണ്ടായിരുന്നുവെന്ന് മരിച്ച കർഷകരുടെ കുടുംബങ്ങൾ പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ ആശിഷ് മിശ്ര ഈ ആരോപണം നിഷേധിച്ചു.

Related posts

Leave a Comment