അടിയേറ്റു വീണ സ്ത്രീ പരാതിപ്പെട്ടപ്പോള്‍ പോലീസ് പറഞ്ഞു, നാളെ നോക്കാം

ആലപ്പുഴഃ അര്‍ധ രാത്രി പൊതൂവഴിയില്‍ ആക്രമിക്കുപ്പെട്ട കോവിഡ് ചികിത്സാ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് പൊലീസിന്‍റെ വക ആക്രോശവും വാക്പീഡനവും. ആലപ്പുഴയ്ക്കടുത്ത് തൃക്കുന്നപ്പുഴ പാനൂരില്‍ ഇന്നലെ അര്‍ധ രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെ വീണു പരുക്കേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക സുബിനയ്ക്ക് (35) നേരേ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേർ രാത്രിയിൽ തന്നെ കടന്നുപിടിക്കാൻ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്നാണു പരാതി. എന്നാൽ ഈ സമയം പോലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ അക്രമികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ സമീപത്തു തന്നെ ഉണ്ടായിരുന്നിട്ടും വാഹനത്തിലായിരുന്ന പട്രോളിംഗ് സംഘം നിസംഗത പുലര്‍ത്തിയെന്നു യുവതിയുടെ ബന്ധുക്കള്‍. രാവിലെ സ്റ്റേഷനില്‍ വന്നു മൊഴി കൊടുക്കാന്‍ നിര്‍ദേശിച്ചു മടങ്ങാന്‍ തുടങ്ങിയ പോലീസിനോടു വീണ്ടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ‘നാളെ നോക്കാം’ എന്നായിരുന്നു മറുപടി.

പോലീസിന്‍റെ കണ്‍വെട്ടത്തുണ്ടായിരുന്ന പ്രതികളെ രക്ഷപ്പെടാന്‍ അവര്‍ അനുവദിക്കുകയായിരുന്നു എന്നാണു യുവതിയുടെ പരാതി. സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ തത്സമയ പോലീസ് സഹായം ഉറപ്പാക്കാന്‍ പിങ്ക് പോലീസിന്‍റെ പ്രത്യേക ഫോഴ്സിനെ രൂപീകരിച്ചു എന്നു വീമ്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോലീസ് ഭരണത്തിലെ തുടര്‍ച്ചയായ വീഴ്ചയാണ് ആലപ്പുഴയിലുണ്ടായത്. തലസ്ഥാനത്തടക്കം സ്ത്രീകള്‍ക്കു നേരേ അതിക്രമങ്ങള്‍ ആവര്‍ത്തച്ചപ്പോഴാണ് പിങ്ക് പോലീസിന്‍റെ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു മുഖ്യമന്ത്രി പച്ചക്കൊടി വീശിയത്. എന്നാല്‍ അതിന്‍റെ തൊട്ടടുത്ത ദിവസങ്ങളിലാണ് എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടിക്കു നേരേ, പട്രോളിംഗ് സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ തന്നെ മൂന്നാംമുറയ്ക്കു സമാനമായ പീഡനങ്ങള്‍ പുറത്തെടുത്തത്.

Related posts

Leave a Comment