ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനംഃ കെ സുധാകരൻ എംപി ; ‘വനിതകളുടെ രാത്രി നടത്തം’ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം : ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ആരോപണവിധേയനായ സിഐയെ പോലീസ് ആസ്ഥാനത്ത് കുടിയിരുത്തിയപ്പോൾ തന്നെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത വനിതകളുടെ രാത്രി നടത്തം പരിപാടി സംസ്ഥാനതല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പെന്നു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ കീഴിൽ കേരളത്തിലെമ്പാടും സ്ത്രീകളുടെ നിലവിളിയാണ് ഉയരുന്നത്. സ്ത്രീകൾക്കെതിരേ വാളയാർ മുതൽ ഇങ്ങോട്ട് ആലുവ വരെ നീളുന്ന അതിക്രമങ്ങളുടെ പരമ്പരയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സർക്കാർ തെറ്റുതിരുത്തിയില്ലെങ്കിൽ കേരളം സമരഭൂമികയായി മാറുമെന്നു സുധാകരൻ പറഞ്ഞു.

കെപിസിസി ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച് മ്യൂസിയത്തിനടുത്ത് കെ. കരുണാകരന്റെ പ്രതിമയ്ക്കു മുന്നിൽ രാത്രി നടത്തം സമാപിച്ചു.പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.കെപിസിസി ജനറൽ സെക്രട്ടറിമാരായ ദീപ്തിമേരി വർഗീസ്,അലിപ്പറ്റ ജമീല, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷമി, കേരളാ യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ. വിജയലക്ഷമി തുടങ്ങിയവർ തിരുവനന്തപുരത്ത് രാത്രിനടത്തിന് നേതൃത്വം നൽകി.

‘പെൺമയ്ക്കൊപ്പം ‘ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. മറ്റുജില്ലകളിൽ നടന്ന രാത്രി നടത്തത്തിൽ മഹിളാകോൺഗ്രസ്,യൂത്ത്കോൺഗ്രസ്,കെഎസ്യു ഉൾപ്പടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരന്നു.

Related posts

Leave a Comment