മദ്യ ക്ഷാമം രൂക്ഷം, ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കിട്ടാനില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യക്ഷാമം രൂക്ഷം. ഇഷ്ടപ്പെട്ട ബ്രാൻഡുകൾ കിട്ടാനില്ലെന്ന പരാതിയാണ് പലർക്കും. ഇടത്തരം വിലയ്ക്കുള്ള റമ്മുകളും വിൽപ്പനശാലകളിൽ കടുത്ത ക്ഷാമം നേരിടുകയാണ്. ഇഷ്ട ബ്രാൻഡുകൾ തേടിയെത്തുന്നവർക്ക് കേട്ടുപരിചിതമല്ലാത്ത ബ്രാൻഡുകൾ വാങ്ങി തൃപ്തിപ്പെടേണ്ട സ്ഥിതിയാണിപ്പോൾ. എം എച്ച്‌, ഫ്രഞ്ച് ബ്രാണ്ടി, ബ്‌ളാക്ക് ആൻഡ് ഗോൾഡ്, സീസർ, എം സി പ്രീമിയം, നെപ്പോളിയൻ, ഓൾഡ് പേൾ, ഒ സി തുടങ്ങിയവയൊന്നും പല ഷോപ്പുകളിലും കിട്ടാനില്ല.

ലോക്ഡൗൺ മൂലം ബാറുകളും ചില്ലറ വിൽപ്പനശാലകളും അടച്ചതോടെ ബിവറേജസ് കോർപ്പറേഷൻ മദ്യകമ്പനികൾക്ക് നൽകുന്ന ഓർഡർ ഇടയ്ക്ക് നിറുത്തിവച്ചതാണ് ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രീമിയം ബ്രാൻഡ് മദ്യങ്ങളൊന്നും ഇപ്പോൾ കേരളത്തിൽ ബോട്ടിൽ ചെയ്യുന്നില്ല. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് മിക്ക ബ്രാൻഡുകളും കേരളത്തിൽ എത്തുന്നത്. വിലകുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾ തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതലായി ബ്‌ളെൻഡിംഗും ബോട്ടിലിംഗും നടത്തുന്നത്.

ഓരോ വിൽപ്പനശാലയിലെയും ബ്രാൻഡുകളുടെ ചെലവ് അടിസ്ഥാനമാക്കിയാണ് ബെവ്‌കോ കമ്പനികൾക്ക് ഓർഡർ നൽകുന്നത്. ഓർഡർ കിട്ടിയാലും മദ്യം സ്റ്റോക്കില്ലാത്തതിനാൽ എത്തിക്കാനാവുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇടയ്ക്ക് ലോറികൾ എത്താനുണ്ടായ തടസവും ക്ഷാമത്തിന് കാരണമായി.

Related posts

Leave a Comment