തൊഴിൽ നിയമങ്ങൾ നടപ്പായില്ല; വീക്ഷണം എഡിറ്റോറിയൽ

രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും ആശങ്കപ്പെടുത്തിയിരുന്ന പുതിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കാനായില്ല. ഇന്നലെ മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കർഷക സമരംപോലെ നിരവധി മേഖലകളിൽ എതിർപ്പുകളുണ്ടായിട്ടും നിയമം നടപ്പാക്കാൻ സർക്കാർ വാശിപിടിച്ചിരിക്കുകയായിരുന്നു. രാജ്യം പതിറ്റാണ്ടുകളായി സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങൾ മാനേജ്‌മെന്റിന് അടിയറവ് വെയ്ക്കുന്ന തരത്തിലാണ് തൊഴിൽ നിയമങ്ങളിൽ സമൂലമായ തൊഴിലാളിവിരുദ്ധ നയങ്ങൾ കുത്തിനിറച്ചിരിക്കുന്നത്. ഇതിനെതിരെ ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായ എതിർപ്പും സമരങ്ങളും നടത്തിയിരുന്നു. ജൂലൈ ഒന്നുമുതൽ പുതിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളടങ്ങിയ പുതിയ നിയമങ്ങൾ ആഗോളതലത്തിൽതന്നെ വിവാദമായിരുന്നു. തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകളും തീരുമാനങ്ങളും രൂപപ്പെട്ടുവരുന്നതേയുള്ളു എന്ന് തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തുകയുണ്ടായി. നിലവിലുണ്ടായിരുന്ന തൊഴിൽ നിയമങ്ങൾ നാല് ലേബർ കോഡുകളായി ക്രോഡീകരിച്ച് പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് സർക്കാർ ബിൽ പാസ്സാക്കുകയായിരുന്നു. പ്രതിപക്ഷത്ത് നിന്നുണ്ടായ നിരവധി ഭേദഗതികളും നിർദ്ദേശങ്ങളും ഒന്നുപോലും അംഗീകരിക്കാതെ സർക്കാർ തള്ളിക്കളയുകയായിരുന്നു. വേതനം, സാമൂഹിക സുരക്ഷ, തൊഴിൽ ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ തൊഴിൽ നിയമങ്ങൾ. മുമ്പുണ്ടായിരുന്ന 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ ഏകപക്ഷീയമായി പരിഷ്‌കരിച്ചു എന്ന് പറഞ്ഞ് തൊഴിലാളികൾക്കനുകൂലമായ എല്ലാ ചട്ടങ്ങളും നിയമങ്ങളും എടുത്തുകളഞ്ഞുകൊണ്ടായിരുന്നു ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചിരുന്നത്. രാജിവെക്കുകയോ പിരിച്ചുവിടുകയോ ചെയ്യുന്ന ജീവനക്കാരന്റെ വേതനവും മറ്റ് ആനുകൂല്യങ്ങളും അയാൾ ജോലി ചെയ്യുന്ന അവസാനദിവസം രണ്ടുദിവസത്തിനകം സ്ഥാപനം നൽകണമെന്ന് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നിയമം ദുർബലമാണ്. ഒറ്റനോട്ടത്തിൽ ഈ നിയമം തൊഴിലാളികൾക്ക് അനുകൂലമാണെന്ന് തോന്നുമെങ്കിലും മാനേജ്‌മെന്റിന് അനുകൂലമായ ചട്ടങ്ങളാൽ നിയമം ദുർബലമാക്കപ്പെട്ടിരിക്കുന്നു. നിലവിലുള്ള ചട്ടപ്രകാരം 45-60 ദിവസങ്ങളാണ് ഇത് ലഭ്യമാക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. എന്നിട്ടും ഇത് ജീവനക്കാരന് ലഭ്യമല്ല എന്നിരിക്കെ രണ്ടുദിവസം കൊണ്ട് അത് ലഭ്യമാക്കുമെന്നത് വ്യർത്ഥമായ വാഗ്ദാനമാണ്. രാജിക്കും പിരിച്ചുവിടലിനും പുറമെ സ്ഥാപനം പൂട്ടിപ്പോയാലും രണ്ട് ദിവസത്തിനകം കുടിശിക നൽകുമെന്നത് അത്ര വലിയ ആനുകൂല്യമല്ലായെന്നാണ് വിവിധ ട്രേഡ് യൂണിയനുകൾ അഭിപ്രായപ്പെടുന്നത്. അനേകം തൊഴിലാളിവിരുദ്ധമായ ചട്ടങ്ങളുള്ള നിയമം പുരോഗമനപരവും തൊഴിലാളികൾക്ക് അനുകൂലവുമാണെന്ന് ഉദ്‌ഘോഷിക്കുന്നതിന് വേണ്ടിയാണ് നാമമാത്രമായി തൊഴിലാളികൾക്ക് അനുകൂലമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചട്ടങ്ങൾ ഉൾക്കൊള്ളിച്ചത്. പുതിയ വേജ് കോഡ് പ്രകാരം ജോലിസമയ വർധന 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് കരട് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ജോലിസമയ വർധന, പ്രൊവിഡന്റ് ഫണ്ട് വിഹിതം, വായ്പ ഗഡുക്കൾ കിഴിച്ച് കൈയിൽകിട്ടുന്ന വേതനത്തിലെ കുറവ് എന്നിവ സംബന്ധിച്ച് പുതിയ നിയമത്തിലെ വ്യവസ്ഥകൾ പൂർണമായും തൊഴിലാളിവിരുദ്ധമാണ്. ജോലിസമയം 8-9 മണിക്കൂർ എന്നത് 12 മണിക്കൂറാക്കി ഉയർത്താൻ മാനേജ്‌മെന്റിന് അധികാരം നൽകുന്നതാണ് പുതിയ തൊഴിൽ നിയമം. എട്ട് മണിക്കൂർ ജോലി എന്ന അവകാശം ലോകതൊഴിലാളി പ്രസ്ഥാനങ്ങൾ രൂപംകൊണ്ട നാൾ മുതലുള്ള ആവശ്യവും ആനുകൂല്യവുമാണ്. അതിനെ വേരോടെ പിഴുതെറിയുന്നതാണ് പുതിയ നിയമം. തൊഴിൽരംഗത്തെ യന്ത്രവൽക്കരണം നടപ്പാക്കിയ കാലത്തെപ്പോലെ വിവര സാങ്കേതികവിദ്യ വ്യാപകമായ ഐടി യുഗത്തിൽ ദേഹാധ്വാനത്തിന് പുറമെ അളവറ്റ രീതിയിൽ ബൗദ്ധിക പ്രയത്‌നങ്ങളും വർധിച്ചിരിക്കയാണ്. വേതന വർധനകൊണ്ടോ മറ്റ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചോ ഇതിന് പരിഹാരം കാണുക സാധ്യമല്ല. പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നില്ലെങ്കിലും ഡമോക്ലസിന്റെ വാൾ എപ്പോഴും തൊഴിലാളിയുടെ മേൽ വന്നുപതിക്കാൻ സാധ്യതയുണ്ട്. അതിനെതിരെ ജാഗ്രതയോടെ കാത്തിരിക്കുകയും സമരം ആറിത്തണുക്കാതെ നിലനിർത്താനും തൊഴിലാളികൾ സദാ സന്നദ്ധരായിരിക്കണം.

Related posts

Leave a Comment