കോവിഡ് ഭീതി ഒഴിഞ്ഞു; കുവൈറ്റിൽ നിയന്ത്രണങ്ങൾ നീക്കുന്നു

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി: 2020 മാർച്ച് ആദ്യ വാരം മുതൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കുവൈറ്റ് പിൻ‌വലിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ മുഖാവരണം ഇല്ലാതെ സഞ്ചരിക്കുന്നതിനും ആരാധനാ കേന്ദ്രങ്ങളിൽ അകലം പാലിക്കാതെ പ്രാർത്ഥനകൾ നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്. വിമാനത്തതാവളങ്ങൾ പൂർണ്ണമായ തോതിൽ തുറന്നുകൊടുക്കുന്നതിനും അനുമതിയായി. ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ഷേക്ക് സബാഹ് അൽ ഖാലിദിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ക്യാബിനറ്റ് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഈ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയതായി സീഫ് പാലസിൽ ചേർന്ന ക്യാബിനറ്റ് യോഗങ്ങൾക്കു ശേഷം പ്രധാനമന്ത്രി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത ആഴ്ചയിലെ ആദ്യ പ്രവർത്തി ദിവസമായ ഒക്ടോബർ 24 ഞായറാഴ്ച മുതൽ ഈ തീരുമാനങ്ങൾ നടപ്പിലാകും.

കുവൈറ്റ് സാധാരണ നിലയിലേക്കുള്ള തിരിച്ചു പോക്കിന്റെ അഞ്ചാമത് ഘട്ടത്തിലാണ്. എല്ലാ രാജ്യങ്ങളിലേക്കുള്ള വിവിധ തരം വിസകളുടെ വിതരണം ആരംഭിക്കും. വിവാഹ പാർട്ടികൾക്കും സെമിനാറുകൾക്കും ആരോഗ്യ വകുപ്പ് നിഷ്‌കർഷിക്കുന്ന നിബന്ധനകളോടെ അനുമതിയുണ്ടാകും. സാമൂഹിക അകലം പാലിക്കാതെ പള്ളികളിൽ പ്രാർത്ഥനക്ക് ആരോഗ്യ വകുപ്പ് അധികാരികൾ അനുമതി നൽകിയതായി നേരത്തെ ഔഖാഫ് ഇസ്ലാമിക കാര്യങ്ങൾക്കായുള്ള മന്ത്രി ഇസ്സ അൽ കാന്തരി ട്വീറ്റ് ചെയ്തിരുന്നു. വൈകീട്ട് വാർത്താവിതരണ കേന്ദ്രം തലവൻ താരിഖ് അൽ മിസ്റിം നടത്തിയ വാർത്താ സമ്മേളനത്തിൽ അടുത്ത വെള്ളിയാഴ്ച തൊട്ട് തന്നെ ആരാധനാലയങ്ങളിൽ സാമൂഹിക അകലം പാലിച്ച് വരുന്ന വ്യവസ്ഥ ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നിബന്ധനകളോട് പൂർണ്ണമായി സഹകരിച്ച തദ്ദേശീയരോടും രാജ്യത്തെ താമസക്കാരോടും പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ നീക്കുന്നത് കോവിഡ് സംബന്ധിച്ച ജനങ്ങളുടെ അവബോധത്തിന്റെയും അനുസരണത്തിന്റെയും സൂചികയാണെന്ന് ആരോഗ്യമന്ത്രി ഷേഖ് ഡോക്ടർ ബേസിൽ അൽ സബ ചൂണ്ടിക്കാട്ടിയതായും പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം രാജ്യത്ത്‌ 0.20 ശതമാനം മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . 517 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളു എന്നത് നിബന്ധനകൾ പിൻവലിക്കാൻ ഭരണാധികാരികൾക്ക് ധൈര്യം നൽകിയ വസ്തുതയാണ്. നിബന്ധനകൾ പിൻവലിക്കുന്നതായി പ്രഖ്യാപനങ്ങൾ വന്നതോടെ പ്രവാസി സമൂഹത്തിന് ആശ്വാസവും ആഹ്ലാദവും കൈവന്നിരിക്കയാണ്. സാമൂഹിക ഒത്തു ചേരലുകൾക്ക് സംഘടനകൾ അണിയറയിൽ ആലോചന തുടങ്ങിയിട്ടുണ്ട് . വാരാന്ത്യങ്ങളിൽ ഓഡിറ്റോറിയങ്ങൾ സജ്ജീവമാവുകയാണ്. വിസ നിയന്ത്രണങ്ങളിൽ ഇളവ് യാഥാർഥ്യമാവുന്നത് പുത്തൻ ഉണർവ്വ് സൃഷ്ടിച്ചിട്ടുണ്ടെന്നു അനുമാനിക്കാം.

Related posts

Leave a Comment