കുവൈറ്റിൽ 60 കഴിഞ്ഞ ബിരുദമില്ലാത്തവരുടെ താമസരേഖകൾ പുതുക്കി നൽകുന്നില്ല; വിദഗ്‌ധ തൊഴിലാളികളുടെ വൻ കൊഴിഞ്ഞു പോക്കെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: 60 വയസ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിന് ശേഷം ഈ വർഷം 42,000 ൽ അധികം പ്രവാസികൾ സ്വകാര്യ മേഖലയിൽ ജോലി ഉപേക്ഷിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ന്റെ സ്ഥിതി വിവര കണക്കുകൾ ഉദ്ദരിച്ച് കൊണ്ട്പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്‌തു . സാങ്കേതിക നൈപുണ്യരായവരും അപൂർവ്വ ഇനം പ്രഗല്ഭ മതികളും കേഡർ മാരും ആയിട്ടുള്ളവരുടെ സേവനം ഇത് മൂലം രാജ്യത്തിനു നഷ്ട്ടപ്പെടാനിടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വർഷത്തിന്റെ ആദ്യ പകുതിയിൽ 42,334 പ്രവാസികൾ രാജ്യം വിട്ടതായി സ്ഥിതി വിവര കണക്കുകൾ കാണിക്കുന്നുണ്ടെങ്കിലും ഗൾഫ് മേഖലയിലെ അയൽ രജ്ജ്യങ്ങൾ ഇവരിൽ മിക്കവരെയും ആകർഷിച്ചു കഴിഞ്ഞു എന്നാണ് വിലയിരുത്തൽ . ഈ വർഷം തൊട്ട് അറുപത് വയസ്സ് കഴിഞ്ഞ ബിരുദ യോഗ്യത ഇല്ലാത്ത വിദേശികൾക്ക് താമസ രേഖകൾ പുതുക്കി നൽകുന്നില്ല. അതാത് സ്ഥാപനങ്ങളുടെ സ്വന്തം സ്പോൺസർഷിപിൽ ഉള്ളവർക്ക് മാത്രമേ ജോലിചെയ്യാനാവൂ എന്ന നിയമം വര്ഷങ്ങളായി കർശനമായി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. മുൻകാലങ്ങളിൽ ഗാർഹിക തൊഴിലാളികളെയും സ്വകാര്യ മേഖലയിലെ ജോലിക്ക് ധാരാളമായി കാണാമായിരുന്നു.

ജനസംഖ്യാ സന്തുലനം ലക്ഷ്യമിട്ട് നിയമങ്ങൾ കർശനമാക്കിയതോടെ തൊഴിൽ മേഖല ആകെ മാറിയിരിക്കയാണ് . നിയമപരമല്ലാത്ത ആരെയും ഇപ്പോൾ കാണാനില്ല . ഇതിന്റെ പ്രത്യാഘാതവും സ്വകര്യ മേഖലയിൽ പ്രകടമാണ് . എങ്ങും തൊഴിലാളി ദൗർലഭ്യമാണ് . കോവിഡ് മൂലം വിദേശികൾ അവരവരുടെ നാട്ടിൽ അകപ്പെട്ടതും വിമാന സർവ്വീസുകൾ ആരംഭിക്കുന്നത് വൈകിയതും പ്രതിസന്ധി രൂക്ഷമാക്കി. വൻകിട കമ്പനികളുടെ റിക്രൂട്മെന്റ് നടപടികളും നിലച്ചതോടെ തൊഴിലാളികളുടെ ദൗർലഭ്യം വൻ പ്രതിസന്ധി സൃഷ്ട്ടിച്ചിരിക്കയാണ് .

കേരളീയർ ഏറെയുള്ള ഹോട്ടൽ വ്യാപാര രംഗത്തും പ്രൊവിൻഷ്യൽ സ്റ്റോർ ഔട്ലെറ്റ്കളിലും ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദന – വിപണന മേഖലകളിലും തൊഴിലാളി ക്ഷാമം വൻ പ്രതിസന്ധിയാണ് വരുത്തി വെച്ചിരിക്കുന്നത് . സർക്കാർ സ്ഥാപനങ്ങളുടെയും കോർപറേറ്റ്കളുടെയും കരാർ ജോലികൾ നേരിട്ടോ ഉപകരാർ വഴിയോ ചെയ്തുവന്ന ചെറുകിട -ഇടത്തരം സ്ഥാപനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല . തൊഴിലാളികളെ തദ്ദേശീയമായി ലഭ്യമല്ലെന്നതും അഥവാ ലഭിച്ചാൽ തന്നെ നിലവിലുള്ളതിന്റെ ഇരട്ടി വേതനം നൽകേണ്ടി വരുന്നതും ചെറുകിട സ്ഥാപനങ്ങൾക്ക് താങ്ങാനാവുന്നവയല്ല . ഇങ്ങനെയുള്ള നിരവധി കാരണങ്ങളാൽ പ്രവാസികൾ കുവൈറ്റിനെ ഒരു സുരക്ഷിത താവളമായി ഇപ്പോൾ കണക്കാക്കുന്നില്ല .

ഈ പ്രവണത തുടർന്നാൽ രാജ്യത്ത് അവശേഷിക്കുന്ന സാങ്കേതിക വിദഗ്ദ്ധരും പ്രൊഫഷണലുകളും സുരക്ഷിത താവളങ്ങൾ തേടി ഇവിടം വിട്ടേക്കാനിടയുണ്ട് . ഇത് രാജ്യത്ത് സ്വകാര്യ തൊഴിൽ മേഖലയിലും സാമ്പത്തിക മേഖലയിലും വൻ പ്രത്യാഘാതങ്ങൾക്ക് ഇട നൽകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .

Related posts

Leave a Comment