കുറുവാദ്വീപ് ഗാന്ധിജയന്തി ദിനത്തില്‍ തുറക്കും

പുല്‍പ്പള്ളി: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവാ ദ്വീപ് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കുകയെന്ന് ചെതലത്ത് റെയ്ഞ്ച് ഓഫീസര്‍ കെ പി അബ്ദുള്‍ സമദ് പറഞ്ഞു. ദിവസേന 1150 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. പാക്കം വഴി 525 പേരെയും പാല്‍ വെളിച്ചം വഴി 525 പേരെയുമാണ് പ്രവേശിപ്പിക്കുക. മുതിര്‍ന്നവര്‍ക്ക് 80 രൂപയും ജി എസ് ടി യും, 5 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 50 രൂപയും ജി എസ് ടിയുമായിരിക്കും പ്രവേശന ഫീസെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് ഒരു വാക്്‌സിന്‍ എങ്കിലും എടുത്തവരേയോ, 72 മണിക്കൂറിനകം ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ ആയിരിക്കും പ്രവേശിപ്പിക്കുക. ഒരേ സമയം 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും പ്രവര്‍ത്തന സമയം. പരിസ്ഥിതി സംഘടനകളുടെ പരാതിയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ട് വര്‍ഷം കുറുവാ ദ്വീപ് അടച്ചിട്ടിരുന്നു.ഇതിന് ശേഷം വിഷുവിന് മുമ്പ് കേവലം രണ്ടാഴ്ച മാത്രം തുറന്ന കുറുവാ ദ്വീപ് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് മഴ പെയ്ത് വെള്ളം കയറിയതോടെയാണ് ദ്വീപ് തുറക്കാന്‍ സാധിക്കാതെ വന്നത്. ഇടവേളക്ക് ശേഷം വീണ്ടും ദ്വീപ് തുറന്നുകൊടുക്കുമ്പോള്‍ നിരവധി സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related posts

Leave a Comment