പ്രോട്ടോകോള്‍ പാലിച്ച് പള്ളികളില്‍ ജുമുഅ നടത്താന്‍ അനുമതി നല്‍കണം:പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആരാധനാലയങ്ങളില്‍ അവയുടെ വലിപ്പമനുസരിച്ച് വിശ്വാസികളെ പ്രവേശിപ്പിക്കാനും പള്ളികളില്‍ ജുമുഅ നടത്താനും അനുമതി നല്‍കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പ്രോട്ടോകോള്‍ പാലിച്ച് ജുമുഅ നടത്താനുള്ള അനുമതി നല്‍കുക എന്ന ആവശ്യമുന്നയിച്ച് മുസ്്‌ലിംയൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മതസംഘടനകള്‍ ഈ കാര്യം ആവശ്യപ്പെട്ടിട്ടും അതിനോട് മുഖംതിരിച്ച് നില്‍ക്കുകയാണ് ഇടത്പക്ഷ സര്‍ക്കാര്‍. ജനങ്ങളുടെ വിശ്വാസത്തേക്കാള്‍ സര്‍ക്കാരിന് പരിഗണന മറ്റു പലതിനോടുമാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ മദ്യശാലകളും തുറക്കുന്നുണ്ട്. ഹൈക്കോടതി പോലും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. എന്നിട്ടും മദ്യപാനം അനിവാര്യമാണെന്നും വിശ്വാസവും പ്രാര്‍ത്ഥനകളും അനാവശ്യമാണെന്നുമാണ് സര്‍ക്കാരിന്റെ വീക്ഷണം. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് പോലും കുറ്റമാണെന്ന അഭിപ്രായം ഇടത്പക്ഷത്തിനാവാം .അത് മുഴുവന്‍ വിശ്വാസികളുടെയും മേല്‍കെട്ടിവെക്കുന്നത് ശരിയല്ല. മനുഷ്യജീവിതത്തിന്റെ ഭാഗമാണ് വിശ്വാസമെന്ന് ചിന്തിക്കുന്ന നിരവധിയാളുകളുണ്ട്.
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയത ആരെയും ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. വിദഗ്ദ സമതി പോലും തോന്നിയപോലെ അടക്കുകയും തുറക്കുകയും ചെയ്യുന്നതിനെ വിമര്‍ശിച്ചതാണ്. ഇത്തരം നിയന്ത്രണങ്ങള്‍ കാരണം ജനങ്ങള്‍ അനുദിനം പ്രയാസപ്പെടുകയാണ്. തൊഴിലാളികളും, വ്യാപാരികളും, വ്യവസായികളും, തൊഴില്‍രഹിതരും, സ്വാശ്രയ മേഖലയിലെ അധ്യാപകരുമെല്ലാം ജീവിക്കാനുള്ള സമരത്തിലാണ്. എന്നാല്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല.
പള്ളികളില്‍ ജുമുഅ നടത്താനും പെരുന്നാള്‍ നിസ്‌കാരത്തിനും അനുമതി നല്‍കുകയും ചെയ്തില്ലെങ്കില്‍ സൂചനപണിമുടക്കില്‍ ഒതുങ്ങില്ലെന്നും ശക്തമായ പ്രതികരണമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.പ്രസിഡണ്ട് ഷരീഫ് കുറ്റൂര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്,സീനിയര്‍ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സന്‍ ആലംഗീര്‍,ഭാരവാഹികളായ സലാം ആതവനാട്,ടി.പി ഹാരിസ്,അസീസ് പള്ളിക്കല്‍,നിസാജ് എടപ്പറ്റ,കെ.എം അലി,നിയോജക മണ്ഡലം മുനിസിപ്പല്‍ ഭാരവാഹികളായ ഫെബിന്‍ കളപ്പാടന്‍,ഷാഫി കാടേങ്ങല്‍,സുബൈര്‍ മൂഴിക്കല്‍,സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment