പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ സിപിഎമ്മിനുള്ളില്‍ കെ.ടി. ജലീല്‍ ഒറ്റപ്പെടുന്നു ; വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നിന്നുകൊടുക്കില്ലെന്നു വി.എന്‍. വാസവന്‍

തിരുവനന്തപുരം: എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ സിപിഎമ്മിനുള്ളില്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ ഒറ്റപ്പെടുന്നു. ബാങ്കിലെ കള്ളപ്പണക്കേസ് ഇഡി അന്വേഷിക്കണമെന്ന ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി പരസ്യമായി തള്ളിയിരുന്നു. പിന്നാലെ സഹകരണ വകുപ്പ് മന്ത്രിയും ജലീലിനെതിരെ രംഗത്ത് വന്നു. വിഷയത്തില്‍ മുഖ്യമന്ത്രി നന്നായി കമന്റ് ചെയ്തിട്ടുണ്ടെന്നും ആരുടേയും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നിന്നുകൊടുക്കില്ലെന്നുമാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

സഹകരണം സംസ്ഥാന വിഷയമാണെന്നും ഇഡി ഇടപെടേണ്ട കാര്യമില്ലെന്നും വാസവന്‍ പറഞ്ഞു. പരിശോധനയ്ക്ക് കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണം സംസ്ഥാന വിഷയമാണ്. ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോഴാണ്. ഇതുമായി ബന്ധപ്പെട്ട് ജലീല്‍ തനിക്ക് വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും സഹകരണ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നായിരുന്നു ഇന്നലെ ജലീല്‍ പ്രതികരിച്ചത്. എന്നാല്‍ സഹകരണ വകുപ്പ് മന്ത്രി കൂടി എതിര്‍ നിലപാടെടുത്തത് ജലീലിന് കനത്ത തിരിച്ചടിയായി.

ഇന്നലെ വൈകിട്ട് ആറുമണിക്കുള്ള വാര്‍ത്താസമ്മേളനത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇ ഡി അന്വേഷിക്കണമെന്നുമുള്ള ജലീലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

Related posts

Leave a Comment