കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി ;ഇ.ഡിയിൽ വിശ്വാസം കൂടിയോയെന്ന് പരിഹാസം

തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിരന്തരണം ആരോപണം ഉന്നയിക്കുന്ന കെടി ജലീൽ എംഎൽഎയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എ.ആർ നഗർ സഹകരണ ബാങ്കിന്റെ പേരിൽ കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുന്ന ജലീലിന്റെ നീക്കത്തെയാണ് ഇന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിമർശിച്ചത്. പല തവണ ഇ.ഡിക്ക് മുന്നിൽ പോയിട്ടുളളതിനാലാകണം കെ.ടി ജലീലിന് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടുള്ള വിശ്വാസം കൂടിയതെന്ന പരിഹാസവും മുഖ്യമന്ത്രി ഉയർത്തി. സഹകരണ മേഖലയിലെ വിഷയങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. ഇ.ഡിയല്ല സഹകരണ മേഖലയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. അത് സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ജലീൽ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതൽ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു. എ.ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തിരിമറി നടത്തിയെന്നായിരുന്നു നേരത്തെ ജലീലിന്റെ ആരോപണം. ഇക്കാര്യം ഇ.ഡിക്ക് നൽകിയ മൊഴിയിലും ഇക്കാര്യം ആവർത്തിച്ചെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറയുകയും ചെയ്തിരുന്നു.

Related posts

Leave a Comment