ജലീലിന്റെ പാണക്കാട് മുഹബ്ബത്ത് തിരിച്ചറിയാനുളള വിവേകമൊക്കെ സമൂഹത്തിനുണ്ട്; മറുപടിയുമായി മുസ്ലിം ലീഗ്

മലപ്പുറം: ലീഗിന്റെ കാര്യം ലീഗ് നേതൃത്വം നോക്കിക്കോളാമെന്നും മറ്റാരും അതിൽ ഇടപെടേണ്ടെന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദരേഖ പുറത്തുവരണമെങ്കിൽ ഒന്നുകിൽ ഇ.ഡി കൊടുക്കണം. അല്ലെങ്കിൽ കുഞ്ഞാലിക്കുട്ടി കൊടുക്കണം. കുഞ്ഞാലിക്കുട്ടി ജലീലിന് കൊടുക്കില്ല. പിന്നെ ഇ.ഡിയിൽ നിന്ന് കിട്ടണം. ഇ.ഡിയും ജലീലും തമ്മിൽ അടുത്തകാലത്തായി നല്ല ബന്ധമാണ്. അർധരാത്രിയിൽ തലയിൽ മുണ്ടിട്ടൊക്കെയാണ് ജലീൽ ഇ.ഡിയെ കാണാൻ കുറേ തവണ പോയിട്ടുള്ളത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശബ്ദരേഖ ഇ.ഡി കൊടുത്തിട്ടുണ്ടാവുമെന്നും സലാം പ്രതികരിച്ചു.

മുസ്ലീം ലീഗിലെ ആഭ്യന്തര കാര്യങ്ങളിൽ ഏതെങ്കിലും പാർട്ടീ ഓഫീസിന്റെവരാന്തയിൽ നിൽക്കുന്നവർ ഇടപെടേണ്ടതില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും അദ്ദേഹം വ്യക്തമാക്കി

.പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനമെടുക്കാനുമുളള ശക്തമായ നേതൃത്വമുളള പ്രസ്ഥാനമാണ് മുസ്ലീം ലീഗ്.പാണക്കാട് നിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത് എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ പാണക്കാട് മുഹബ്ബത്ത് തിരിച്ചറിയാനുളള വിവേകമൊക്കെ സമൂഹത്തിനുണ്ട്. ഇത്തരക്കാരുടെ ഉപദേശങ്ങൾ ചെവി കൊള്ളേണ്ട ഗതികേട് ഒരു കാലത്തും മുസ്ലീം ലീഗിനുണ്ടായിട്ടില്ല.ഉണ്ടാവുകയുമില്ല.-അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലി തങ്ങൾക്കെതിരേ നടപടിയുണ്ടാകുമെന്നുറപ്പായിരിക്കെ, മുഈൻ അലിയുടെ വക്കാലത്തും കൊണ്ട് വരാൻ കെ ടി ജലീൽ ആരാണെന്ന് പിഎംഎ സലാം നേരത്തെ ചോദ്യമുന്നയിച്ചിരുന്നു.

Related posts

Leave a Comment