ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കെ എസ് യു ; നാളെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനം ആചരിക്കും

കോഴിക്കോട് : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനു വേണ്ടി സ്വജനപക്ഷപാതം നടത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു രാജി വെയ്ക്കുകയെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നാളെ (15/12/2021, ബുധനാഴ്ച) സംസ്ഥാനവ്യാപകമായി കലാലയങ്ങളിൽ കെ.എസ്.യു ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് അറിയിച്ചു.

സർവ്വകലാലകളുടെ ചാൻസലറായ കേരള ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ്ഖാൻ തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റൂവെന്നും ആ പദവി കൂടി മുഖ്യമന്ത്രി ഏറ്റെടുത്തോളൂവെന്നും ആവശ്യപ്പെട്ട് സർക്കാറിന് കത്തെഴുതേണ്ടി വന്ന സാഹചര്യം കേരളത്തിനപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ ഭരണ കൂടത്തിനു കീഴിൽ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് നടന്ന അഴിമതികൾക്കെതിരെയും, സ്വജനപക്ഷപാതത്തിനെതിരെയും ഇത്രയുംനാൾ കെ.എസ്.യു നയിച്ച സമരങ്ങളും, ഉന്നയിച്ച ആരോപണങ്ങളുമെല്ലാം ശരിയായിരുന്നെന്ന് കാലം തെളിയിക്കുകയാണെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടി.

നമ്മുടെ നാടിനെ നയിച്ച ഗവൺമെന്റുകളുടെയും, മിഷനറി-മത-സാമുദായിക സംഘടനകളുടെയും , മഹത് വ്യക്തിത്വങ്ങളുടെയും ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെയും, ഇടപെടലുകളുടെയും ഭാഗമായാണ് നമ്മുടെ രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഉന്നതവിദ്യാഭ്യാസ രംഗമായി കേരളം മാറിയത്.
പക്ഷേ നാളിതുവരെ നാം ആർജ്ജിച്ചെടുത്ത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ സ്വജന പക്ഷപാതത്തിലൂടെയും, ബന്ധു നിയമനങ്ങളിലൂടെയും , തകർക്കാനും സർവ്വകലാശാലകളെ ഫ്യൂഡൽ ഏകാധിപത്യ വ്യവസ്ഥയിലേയ്ക്ക് നയിക്കാനും പിണറായി വിജയന്റെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ സാധാരണക്കാരന്റെ പ്രതീക്ഷയായ സർവ്വകലാശാലകളെ തകർക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയെന്നത് കെ എസ് യു വിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment