കെഎസ്ആര്‍ടിസി ടെന്റ് സ്‌റ്റേ പദ്ധതി

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ടിക്കേറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള  യൂണിറ്റിലെ സ്ഥലത്ത് വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി ടെന്റ് സ്‌റ്റേ പദ്ധതി  ആരംഭിക്കുന്നു. ഇതിനായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. മൂന്നാറില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സൗകര്യപ്രദവും, സുരക്ഷിതവുമായ ടെന്റുകള്‍ ദിവസ വാടക അടിസ്ഥാനത്തില്‍ നല്‍കുന്ന പദ്ധതിയാണ് കെഎസ്ആര്‍ടിസി ടെന്റ് സ്‌റ്റേ.
കെഎസ്ആര്‍ടിസിയുടെ മൂന്നാറിലെ 3.50 ഏക്കര്‍ ഭൂമിയില്‍ ബസ് സ്‌റ്റേഷന്‍ ഒഴികെയുള്ള സ്ഥലത്ത് ടെന്റ് സ്‌റ്റേ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ സ്വന്തം ചിലവില്‍ താല്‍ക്കാലിക നിര്‍മ്മിത ടെന്റുകള്‍ നിര്‍മ്മിക്കണം. കെഎസ്ആര്‍ടിസിയുമായി കരാറില്‍ ഏര്‍പ്പെടുന്ന വ്യക്തി, സ്ഥാപനങ്ങള്‍ യാത്രാക്കാര്‍ക്കുള്ള സൗകര്യങ്ങളും, സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. ആഴ്ചയില്‍ 24 മണിക്കൂര്‍ എന്ന രീതിയിലായിരിക്കും പ്രവര്‍ത്തനം. വ്യവസ്ഥ പ്രകാരം സ്ഥലത്തിന് വാടക ഈടാക്കുന്നതും യാത്രാക്കരില്‍ നിന്നും വിനോദ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്ന ടെന്റ് വാടകയുടെ 25 ശതമാനം കെഎസ്ആര്‍ടിസിക്ക് നല്‍കണം.  മൂന്ന് വര്‍ഷത്തേക്കായിരിക്കും കരാര്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.online.keralartc.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ,  കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം 9447071021, 0471 2463799 വാട്ട്‌സ്അപ്പ് നമ്പര്‍ 81295 62972 ബന്ധപ്പെടുകയോ ചെയ്യാം.

Related posts

Leave a Comment