കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണത്തിന് ധാരണ ; അടിസ്ഥാന ശമ്പളം 23,000 രൂപയായി നിശ്ചയിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്. ജനുവരി മുതൽ പുതിയ ശമ്പളം ജീവനക്കാർക്കു ലഭിക്കും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പത്തു വർഷത്തെ ഇടവേളക്കു ശേഷമാണ് ശമ്പളം പരിഷ്ക്കരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ജീവനക്കാരുടെ സംഘടനകളുമായുള്ള ചർച്ചയ്ക്കുശേഷം അടിസ്ഥാന ശമ്പളം 23,000 രൂപയായി നിശ്ചയിച്ചു. നേരത്തെ ഇത് 8730 രൂപ ആയിരുന്നു. 11 സ്‌കെയിലുകളായി തിരിച്ചാണ് വർദ്ധന. അംഗീകൃത ട്രേഡ് യൂണിയനുകളും മാനേജ്മെന്റും ഈ മാസത്തിനു മുൻപ് കരാറിൽ ഒപ്പിടണം. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത ഒഴിവാക്കാൻ വരുമാനം വർദ്ധിപ്പിക്കുമെന്നു മന്ത്രി വ്യക്തമാക്കി.
ഡ്രൈവർമാർക്ക് അധിക ക്ഷാമബത്ത നടപ്പാക്കും. അന്തർസംസ്ഥാന ദീർഘദൂര സർവീസുകളിൽ ക്രൂ ചെയ്ഞ്ച് സംവിധാനം ഏർപ്പെടുത്തും. ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. വനിതാ ജീവനക്കാർക്ക് ഒരു വർഷം വരെ പ്രസവ അവധിയും 5000 രൂപ ചൈൽഡ് കെയർ അലവൻസും നൽകും. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് 50% ശമ്പളത്തോടൊപ്പം 5 വർഷംവരെ അവധി നൽകും. ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരണം സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കും. മറ്റു സർക്കാർ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് കെഎസ്ആർ‌ടിസി ജീവനക്കാർക്ക് ശമ്പളം കുറവാണെന്നു മന്ത്രി പറഞ്ഞു. സർക്കാർ തീരുമാനം അംഗീകരിക്കാൻ സംഘടനകൾക്കും മാനേജ്മെന്റിനും ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment