കെഎസ്ആർടിസി പമ്പുകൾ നാളെ മുതൽ പൊതുജനങ്ങൾക്ക്

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന്  നടപ്പിലാക്കുന്ന കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ ധനമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.  മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വിൽപ്പന നിർവ്വഹിക്കും. മന്ത്രി ജി.ആര്‍.അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും. ശശി തരൂര്‍ എംപിയു പങ്കെടുക്കും.
 സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ്‌ ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 8 പമ്പുകളാണ് ആരംഭിക്കുന്നത്. മറ്റ്  ഏഴ് പമ്പുകൾ   16 ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ചേർത്തലയിൽ  കൃഷി മന്ത്രി പി. പ്രസാദും ഉദ്ഘാടനം ചെയ്യും. 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ചിന് മന്ത്രി ജെ. ചിഞ്ചുറാണി,  18 ന് രാവിലെ 8.30ന് മൂന്നാറിൽ മന്ത്രി റോഷി അഗസ്റ്റിൻ,  രാവിലെ 9ന് മൂവാറ്റുപുഴയിൽ മന്ത്രി പി. രാജീവ്,  വൈകിട്ട് നാലിന് ചാലക്കുടിയിൽ മന്ത്രി ആർ. ബിന്ദു,  വൈകുന്നേരം അഞ്ചിന് കിളിമാനൂരിൽ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരും പമ്പുകൾ  ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും. തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്‌ലെറ്റു കളില്‍ വിതരണം ചെയ്യുന്നത്.  ക്രമേണ ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി, ഇലക്ട്രിക വാഹനങ്ങളുടെ ചാർജിംഗ് സെന്റർ തുടങ്ങിയവും അഞ്ച്  കിലോയുള്ള എൽപിജി സിലിണ്ടർ ആയ ചോട്ടു തുടങ്ങിയവയും ഇവിടെ നിന്നും ലഭിക്കും.  ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എഞ്ചിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും, കൂടാതെ 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുചക്ര വാഹന ഉടമകൾക്കും 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും.

Related posts

Leave a Comment