കെഎസ്‌ആര്‍ടിസി പെന്‍ഷന്‍; സംസ്ഥാന സർക്കാരിന് സുപ്രീം കേടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി: കെഎസ്‌ആർടിസി ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിൽ നിലപാട് കടുപ്പിച്ച്‌ സുപ്രിംകോടതി. എട്ട് ആഴ്ചയ്ക്കുള്ളിൽ പുതിയ സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാവേണ്ടിവരുമെന്ന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന കാലഘട്ടം കൂടി പെൻഷനായി പരിഗണിക്കുന്നതിനാണ് കെഎസ്‌ആർടിസി പുതിയ സ്‌കീം തയ്യാറാക്കുന്നത്. സ്‌കിം തയ്യാറാക്കാൻ നേരത്തെ സുപ്രിംകോടതി കെഎസ്‌ആർടിസിക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ, ഇതുവരെയും സ്‌കിം തയ്യാറാക്കാത്തതിനാലാണ് ഗതാഗത സെക്രട്ടറിക്ക് സുപ്രിംകോടതി കർശന നിർദേശം നൽകിയത്.

കോടതിക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോവുന്നതിനാലാണ് അന്ത്യശാസനം നൽകുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സ്‌കിം തയ്യാറാക്കുന്നത് വൈകുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ധനകാര്യം, ഗതാഗതം, നിയമം എന്നി വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും അതിനാൽ ഒരുമാസത്തെ സമയം കൂടി വേണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ സി കെ ശശി കോടതിയിൽ ആവശ്യപ്പെട്ടു.

ഏതാണ്ട് അയ്യായിരത്തോളം ജീവനക്കാർക്ക് സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുമെന്നും അതിനാൽ എട്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും കെഎസ്‌ആർടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് വാദിച്ചു. ജൂലൈ ഏഴിനാണ് സ്‌കിം സംബന്ധിച്ച്‌ ആദ്യം കോടതിയെ അറിയിക്കുന്നതെന്നും ഓണം അവധി ആയതിനാലാണ് കാലതാമസമുണ്ടായതെന്നും കോർപറേഷനും സുപ്രിംകോടതിയെ അറിയിച്ചു.

കെഎസ്‌ആർടിസിയുടെ ആവശ്യം അംഗീകരിച്ച കോടതി ഇത് അവസാന അവസരമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി ഹാജരാവണമെന്ന വ്യവസ്ഥ ഉത്തരവിൽനിന്ന് നീക്കണമെന്ന കെഎസ്‌ആർടിസി അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. മനപ്പൂർവമാണ് ഉത്തരവിൽ ആ വ്യവസ്ഥ ഉൾകൊള്ളിച്ചതെന്നും സ്‌കീം തയ്യാറാക്കിയാൽ ഗതാഗത സെക്രട്ടറി ഹാജരാവേണ്ടതില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Related posts

Leave a Comment