നൂറുകോടിയോളം രൂപ വിലമതിക്കുന്ന കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ്സുകൾ കട്ടപ്പുറത്ത് ; സർക്കാറിന്റെ പിടിപ്പുക്കേടെന്ന് പൊതുജനം

നൂറുകോടിയോളം രൂപ വിലമതിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ 104 ലോഫ്ലോർ ബസ്സാണ് സ്പെയർപാർട്സ് ക്ഷാമവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം കട്ടപ്പുറത്തായത് .സർക്കാരിന്റെ പിടിപ്പുകേടാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ബസ്സുകൾ നശിച്ചുപോകാൻ കാരണം എന്ന് പൊതുജനം കുറ്റപ്പെടുത്തുമ്പോഴും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല . കോറോണഭീതിയിൽ നിന്നും മാറി യാത്രക്കാരുടെ എണ്ണം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ബസ്സുകളുടെ കുറവ് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത് .

11 ഡിപ്പോയിലായി 91.96 കോടി രൂപ വിലമതിക്കുന്ന ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നതെന്ന് വിവരാവകാശരേഖയിൽ വ്യക്തമാകുന്നു.

509 ലോഫ്ലോർ ബസാണ് കോർപറേഷനുള്ളത്. ഇതിൽ 17 സ്കാനിയ, 202 വോൾവോ, 290 ഇന്ത്യൻ നിർമിത ലോഫ്ലോർ ബസുകൾ എന്നിവയാണുള്ളത്. വാടകക്കരാർ വ്യവസ്ഥയിൽ 10 ഇലക്‌ട്രിക് ബസ്​ നിരത്തിലിറക്കിയെങ്കിലും ഇപ്പോൾ ഒന്നും സർവിസ് നടത്തുന്നില്ല.

സി.എൻ.ജിയിൽ ഓടിക്കാവുന്ന ഒരുബസ് എറണാകുളം ഡിപ്പോയിൽ സർവിസ് നടത്തുന്നുണ്ട്. ഒരു വോൾവോ ബസ് നിരത്തിലിറക്കാൻ 93.01 ലക്ഷമാണ് ​ചെലവ് . ലൈലൻഡ് ബസ് നിരത്തിലിറക്കാൻ 39.42 ലക്ഷവും ടാറ്റ ലോഫ്ലോർ ബസ് നിരത്തിലിറക്കാൻ 39.46 ലക്ഷവുമാണ് വേണ്ടിവരുന്നത്. മൾട്ടി ആക്സിൽ സ്കാനിയക്ക് 99.15 ലക്ഷവും വോൾവോ മൾട്ടി ആക്സിലിന് 94.39ലക്ഷവുമാണ് ​ചെലവ് .

202 വോൾവോ ലോഫ്ലോർ ബസും 17 സ്കാനിയ ലോഫ്ലോറും ഉള്ളതിൽ നിരത്തിലുള്ളത് 132 എണ്ണം മാത്രമാണ്. അതായത് 219 ഇറക്കുമതി വോൾവോ, സ്കാനിയ ബസുകളിൽ 87എണ്ണവും കട്ടപ്പുറത്താണ്. അപകടത്തിൽ തകർന്ന ഒരു സ്കാനിയ, വോൾവോ, അശോക് ലൈലൻഡ് എന്നിവ ഇതിനുപുറമെയാണ്.

വിദേശനിർമിത ബസുകൾ നിരത്തിലിറക്കുമ്പോൾ ഉണ്ടാകുന്ന അറ്റകുറ്റപ്പണിക്കും മറ്റും കെ.എസ്.ആർ.ടി.സിക്ക് സംവിധാനമില്ലാത്തതാണ് കോടികളുടെ നഷ്ടത്തിനിടയാക്കുന്നത് . വിവരാവകാശ നിയമപ്രകാരം പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസിനാണ് ഇക്കാര്യങ്ങൾ വിശദമാക്കി കോർപറേഷൻ മറുപടി നൽകിയത്.

Related posts

Leave a Comment