കെഎസ്ആർടിസിയെ മദ്യശാലയാക്കാൻ സർക്കാർ ; പ്രതിഷേധം വ്യാപകം ; തീരുമാനത്തിലുറച്ച് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡിപ്പോകളെ മദ്യശാലയാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. എന്നാൽ, പ്രതിഷേധം വകവെയ്ക്കാതെ ഡിപ്പോകളിൽ ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം ഗതാഗത മന്ത്രി ആന്റണി രാജു പരസ്യമായി ആവർത്തിച്ചു.  കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി നൽകുമെന്നായിരുന്നു ഇന്നലെ രാവിലെ ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. യാത്രക്കാർക്ക്‌  ബുദ്ധിമുട്ട്‌ ഉണ്ടാകാത്ത വിധമാണ്‌ മദ്യക്കടകൾ ക്രമീകരിക്കുക. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‌ അനുമതി നൽകും.   കെഎസ്‌ആർടിസിയുടെ  കെട്ടിടങ്ങൾ ലേലത്തിനെടുത്ത്‌ മദ്യക്കടകൾ തുറക്കാം. ഇതിലൂടെ കെഎസ്‌ആർടിസിക്ക്‌ വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്. ടിക്കറ്റ്‌ ഇതരവരുമാനത്തിനായി സാധ്യമായതെല്ലാം  കെഎസ്‌ആർടിസി സ്വീകരിക്കും. സ്‌റ്റാൻറിൽ മദ്യക്കടയുള്ളതുകൊണ്ടുമാത്രം  ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതിഷേധവുമായി കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തെത്തി. ഡിപ്പോകളിൽ മദ്യക്കടകള്‍ തുടങ്ങാമെന്നത് ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.
ഈ നീക്കത്തെ എന്തുവില കൊടുത്തും ചെറുത്തു തോൽപ്പിക്കും. മന്ത്രിയുടെ നീക്കം കണ്ടാല്‍ ‘ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ’ എന്ന് തോന്നിപ്പോകും. മദ്യം വാങ്ങാനെത്തുന്നവർ  സ്ത്രീകളും കുട്ടികളുമടങ്ങുന്ന  യാത്രക്കാർക്ക് ഭീഷണിയാണ്.  പ്രശ്‌ന സാധ്യതാ മേഖലയായി മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കും.
കെഎസ്ആര്‍ടിസി സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണന്നും കെസിബിസി ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയിൽ ബെവ്കോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള നടപടിയെ മണ്ടൻ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വിശേഷിപ്പിച്ചത്.
അതേസമയം, പ്രതിഷേധങ്ങൾ ഉയർന്നതിന് ശേഷവും തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുക. ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി പറഞ്ഞു. ഒഴിവുള്ള കടകൾ ആവശ്യപ്പെട്ടാൽ നിയമപരമായി നൽകേണ്ടി വരും. തീരുമാനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment