കെഎസ് ആർടിസി ജീവനക്കാർക്ക് അഞ്ച് ദിവസം വരെ ശമ്പളം നഷ്ടപ്പെട്ടേക്കും, ദേശീയ പണിമുടക്കിനും ഡയസ് നോൺ

തിരുവനന്തപുരം: കെഎസ് ആർടിസി ജീവനക്കാർക്ക് അഞ്ച് ദിവസം വരെ ശമ്പളം നഷ്ടപ്പെടാൻ കളമൊരുങ്ങുന്നു. കഴിഞ്ഞ മാർച്ച് 28, 29 ദീയതികളിൽ നടത്തിയ ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെയും ഈ മാസം അഞ്ചിനു കോർപ്പറേഷൻ ജീവനക്കാർ നടത്തിയ പണമുടക്കിൽ പങ്കെടുത്തവരുടെയും വേതനം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ദേശീയ പണിമുടക്കിനു മുന്നോടിയായി തലേ ദിവസവും പിറ്റേ ദിവസവും വൈകിയെത്തിയവരുടെയും ജോലിക്കെത്താതിരുന്നവരുടെയും ശമ്പളം കൂടി മരവിപ്പിക്കും. ഇതോടെ നിരവധി ജീവനക്കാർക്ക് അഞ്ചു ദിവസത്തെ ശമ്പളം നഷ്ടമാകും.
അതേ സമയം, ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടുമില്ല. ശമ്പളം വൈകിയാൽ വീണ്ടും പണിമുടക്കിലേക്കെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. എന്നാൽ കെഎസ്ആർടിസിയിലെ ശമ്പളം സർക്കാരിന്റെ ബാധ്യതയല്ലെന്നാണ് വകുപ്പ് മന്ത്രി വിശദീകരിച്ചത്. പൊതുമേഖലയിലെ 105 സ്ഥാപനങ്ങളിൽ ഒന്നു മാത്രമാണ് കെഎസ്ആർടിസി. മറ്റ് സ്ഥാപനങ്ങളെപ്പോലെ ഇവിടെയും ശമ്പളം നൽകേണ്ടത് മാനെജ്മെന്റിന്റെ മാത്രം ഉത്തരവാദിത്വമാണെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.
രണ്ട് ദിവസത്തെ ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും. പണിമുടക്ക് ദിവസം ഡയസ് നോൺ പ്രഖ്യാപിക്കാൻ ഹൈക്കോടതി നിർദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്നത്തിൽ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനിച്ചത്.
തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പണിമുടക്കിയ ജീവനക്കാരുടെ കണക്ക് എടുത്തു തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവർക്കും വൈകി എത്തിയവർക്കും എതിരെയും നടപടി ഉണ്ടാകും. തിങ്കളാഴ്ച തന്നെ ജോലിക്കെത്താത്തവരുടെ പട്ടിക സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ശമ്പള ഇനത്തിൽ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്ന് കണക്ക് കൂട്ടൽ.

Related posts

Leave a Comment