മുട്ടത്തുവർക്കി മുതൽ കേശവ് ദേവ് വരെ, അഭ്രപാളികളിൽ ക്ലാസിക്കുകളുടെ പെരുന്തച്ചൻ

മലയാളത്തിന്റെ ക്ലാസിക്കുകളെ അഭ്രപാളികളിൽ ആവാഹിച്ച സംവിധായകൻ. കെഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കെ.എസ് സേതുമാധവന് മലയാള ചലച്ചിത്ര രം​ഗത്തുള്ള കൈയൊപ്പ് അതാണ്. മുട്ടത്ത് വർക്കി മുതൽ കേശവ് ദേവ് വരെയുള്ള എഴുത്തുകാരുടെ കൃതികൾ അദ്ദേഹം സിനിമയാക്കി. ചലച്ചിത്ര രം​ഗത്തെ പല പതിവുകളും തെറ്റിച്ച്, ആവിഷ്കാരത്തിന്റെ പുതിയ സാധ്യതകൾ പരീക്ഷിച്ചു വിജയിപ്പിച്ച സംവിധായകനാണ് അദ്ദേഹം. കമലാ ഹാസനുൾപ്പെടെ നിരവധി പുതുമുഖ താരങ്ങളെ മലയാളത്തിനു പരിചയപ്പെടുത്താനും അദ്ദേഹം ഔത്സുക്യം കാണിച്ചു. സത്യന്റെ ചില കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു. വിശ്രുത നടൻ ജ​ഗതി ശ്രീകുമാറിനെ കണ്ടെത്തിയതും അദ്ദേഹം തന്നെ.
1961ൽ മുട്ടത്തുവർക്കിയുടെ നോവൽ “ജ്ഞാനസുന്ദരി” എന്ന ചലച്ചിത്രമാക്കിക്കൊണ്ടാണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം അതു പിഴച്ചില്ല. മലയാളത്തിൽ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറക്കിയിട്ടുള്ള കെ എസ് സേതുമാധവൻ മലയാളത്തിൽ മാത്രം അറുപതിൽപ്പരം ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചലച്ചിത്രങ്ങളൊരുക്കി. ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ “കണ്ണും കരളും” നിരവധി സ്ഥലങ്ങളിൽ നൂറിലധികം ദിവസങ്ങൾ പ്രദർശിപ്പിച്ച് ഹിറ്റായി മാറി. 1965ലാണ് സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ ഓടയിൽ നിന്ന്, ദാഹം തുടങ്ങിയവ പുറത്തു വന്നത്. കേശവദേവിന്റെ “ഓടയിൽ നിന്ന്” എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേരിൽ എടുക്കാൻ സേതുമാധവൻ തീരുമാനിക്കുന്നത്. ജനകീയസിനിമയായി ഉയർന്നതിനോടൊപ്പം തന്നെ സേതുമാധവന് സംവിധായകനെന്ന നിലയിൽ ഏറെ നിരൂപകപ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു “ഓടയിൽ നിന്ന്”, “ദാഹം” എന്നീ ചിത്രങ്ങൾ. മലയാളത്തില പ്രശസ്തമായിരുന്ന മഞ്ഞിലാസിന്റെ ബാനറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തത് കെഎസ് ആണ്.


ദേശീയ ചലച്ചിത്ര അവാർഡ്,സംസ്ഥാന ചലച്ചിത്ര അവാർഡ്,ഫിലിം ഫെയർ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും കെ എസ് സേതുമാധവനെ തേടിയെത്തി. 1973ൽ പുറത്തിക്കിയ അച്ഛനും ബാപ്പയും ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി.1991 സംവിധാനം ചെയ്ത മറുപക്കം (തമിഴ്) മികച്ച ചിത്രത്തിനുള്ള ദേശീയ സ്വർണകമൽ നേടി. ഒരു തമിഴ് ചിത്രത്തിന് ആദ്യമായിൽ ലഭിക്കുന്ന സ്വർണ കമലവും മറുപക്കത്തിന്റെ പേരിലാണൂള്ളത്. മറുപക്കത്തിലൂടെ മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡും സേതുമാധവൻ നേടിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡുകളിലെ മികച്ച സംവിധായകൻ എന്ന പേര് നാലുപ്രാവശ്യമാണ് കരസ്ഥമാക്കിയത്. ഇതിൽ വാഴ്വേ മായം (1970), കരകാണാക്കടൽ(1971), പണിതീരാത്ത വീട് (1972) എന്നിവ തുടർച്ചയായി സംസ്ഥാനത്തെ മികച്ച സംവിധായകൻ എന്ന ഖ്യാതി നേടിക്കൊടുത്തിരുന്നു. 1980ൽ പുറത്തിറക്കിയ “ഓപ്പോൾ” എന്ന ചിത്രത്തിനും മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരമായ “രജത കമലവും” ലഭിച്ചു. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി ഒന്നിലധികം പ്രാവശ്യമിരുന്നിട്ടുണ്ട്. 2009ൽ മലയാള ചലച്ചിത്രലോകത്തെ സമഗ്രസംഭാവനക്കുള്ള ‘ജെ.സി ദാനിയൽ” അവാർഡ് നേടി.


രേവതി കലാമന്ദിറിന്റെ ബാനറിൽ പുറത്തിറങ്ങുന്ന “ചട്ടക്കാരി” പഴയ കെ എസ് സേതുമാധവൻ ചിത്രമായ ചട്ടക്കാരിയുടെ പുത്തൻ റീമേക്കാണ്.
മകൻ സന്തോഷ് സേതുമാധവൻ ആണ് പുത്തൻ “ചട്ടക്കാരി” സംവിധാനം ചെയ്യുന്നത്.

Related posts

Leave a Comment