തിരുവനന്തപുരം: ചർച്ച നടത്താതെ പൊതു പരീക്ഷാ തീയതി പ്രഖ്യാപനം പ്രതിഷേധാർഹമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ അസോസിയേഷൻ(കെ.പി.എസ്.ടി.എ). പൊതു പരീക്ഷകൾ മാർച്ച് അവസാനം തുടങ്ങി ഏപ്രിൽ അവസാനം തീരുന്ന മുറയ്ക്കുള്ള ടൈം ടേബിൾ പൊതു വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയിൽ ഇത്തരം വിഷയങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപായി വിദ്യാഭ്യാസ നയരൂപീകരണ സമിതി(ക്യു.ഐ.പി) അംഗങ്ങളുടെ യോഗം ചേരാറുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഇത്തരം യോഗം ചേർന്നിട്ടില്ല. പൊതു പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പോലും ഇത്തരം സമിതിയുടെ യോഗം വിളിച്ചു ചേർക്കാൻ തയ്യാറാകാത്തതിൽ കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നവംബർ ഒന്നിന് പൊതു വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടോ പിന്നീടുള്ള വിദ്യാലയങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനോ അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന ഇത്തരം സമിതികളുടെ യോഗം ചേർന്നിട്ടില്ല. അടിയന്തിരമായി ക്യു.എ.പി യോഗം ചേർന്ന് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗം ചേരാതെ പരീക്ഷാതീയതികൾ പ്രഖ്യാപിച്ചതിലുള്ള സംഘടനയുടെ പ്രതിഷേധം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് എം സലാഹുദീനും ജനറൽ സെക്രട്ടറി സി പ്രദീപും അറിയിച്ചു.
ചർച്ച നടത്താതെ പൊതു പരീക്ഷാ തീയതി പ്രഖ്യാപനം പ്രതിഷേധാർഹം: കെ.പി.എസ്.ടി.എ
