കര്‍ഷകരുടെ ജീവന്‍ പന്താടി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നുഃ സുധാകരന്‍

തിരുവനന്തപുരം: കര്‍ഷകരുടെ ജീവന്‍ പന്താടി കഴിഞ്ഞ ഒരു വര്‍ഷമായി നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ മുള്‍‌മുനയില്‍ നിര്‍ത്തുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്ചതില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ നയിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചും കെപിസിസിയുടെ ആഭിമുഖ്യത്തില്‍ രാജ്ഭവനു മുന്നില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് പ്രസിഡന്‍റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശൂരനാട് രാജശേഖരന്‍, വി.എസ്. ശിവകുമാര്‍, പി.ടി. തോമസ് എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി തുടങ്ങിയവര്‍ സമീപം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അറുനൂറ് കര്‍ഷകരാണ് പ്രക്ഷോഭത്തിനിടെ മരണത്തിനു കീഴടങ്ങിയത്. രാജ്യത്തിന് അന്നമൂട്ടുന്നു കര്‍ഷകരുടെ ജീവന് കേന്ദ്ര സര്‍ക്കാര്‍ പുല്ലുവിലയാണു നല്‍കുന്നത്. ജനാധിപത്യം ഇത്രയധികം വെല്ലുവിളി നേരിട്ട അവസരം ഇതിനു മുന്‍പ് ഒരിക്കലുമുണ്ടായിട്ടില്ല. ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോദി സര്‍ക്കാര്‍. നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ ഒരംഗത്തിന്‍റെ മകന്‍റെ നേതൃത്വത്തില്‍ നാലു കര്‍ഷകരെ വാഹനം കയറ്റിയും നാലു പേരെ വെടിവച്ചും കൊലപ്പെടുത്തി. സംഭവം നടന്ന് ഒരാഴ്ച ആകുമ്പോഴും കുറ്റവാളികള്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഇതുവരെ കസ്റ്റഡിയില്‍പ്പോലും എടുത്തിട്ടില്ല.

അറസ്റ്റ് വൈകുന്നതിനെതിരേ സുപ്രീം കോടതി ഇടപെട്ടിട്ടു പോലും പ്രതികള്‍ക്കു രക്ഷാ കവചം തീര്‍ക്കുകയാണു കേന്ദ്ര സര്‍ക്കാരെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കര്‍ഷകരുടെ രോഷാഗ്നിയില്‍ ഈ സര്‍ക്കാര്‍ ചാമ്പലാകും. രാജ്യത്തെമ്പാടുമായി നടക്കുന്ന കര്‍ഷക സമരത്തിനൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ> നേതാവ് വി.ഡി. സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പി.ടി. തോമസ്, സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍, , ഡിസിസി പ്രസിഡന്‍റ് വി.എസ്. ശിവകുമാര്‍, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസിലെ എംപിമാരും എംഎല്‍എമാരും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Related posts

Leave a Comment