കൊച്ചി : വികസനത്തെ കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് സി.പി.എം തയാറുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അഭിപ്രായ വ്യത്യാസങ്ങളില്ലാതെ ഐക്യത്തോടെ സമയബന്ധിതമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിന് സാധിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് വാക്ക് കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. യു.ഡി.എഫ് വിജയിക്കുന്ന മണ്ഡലമാണ് തൃക്കാക്കര. ജനാധിപത്യ മതേതര ശക്തികളുടെ മണ്ഡലമായ തൃക്കാക്കരയുടെ രാഷ്ട്രീയം എന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ടു തന്നെ വിജയം ഉറപ്പാണ്. വിജയത്തിന് ഇടങ്കോലിടുന്ന ഒരു ശക്തികളും യു.ഡി.എഫിലില്ല. അതുകൊണ്ടു തന്നെ വിജയം സുനിശ്ചിതമാണ്. ഇടതുപക്ഷത്തിന് ഇതുവരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച അവസ്ഥയിലാണ് സി.പി.എം. ചര്‍ച്ച നടക്കുന്നുണ്ട് എന്നു പറയുമ്പോള്‍ കലാപത്തിന്റെ ചര്‍ച്ചയാണ് സി.പി.എമ്മില്‍ നടക്കുന്നത്. എല്‍.ഡി.എഫിന്റെ അശക്തിയും യു.ഡി.എഫിന്റെ ശക്തിയും വിജയം സുനിശ്ചിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസന സംവാദത്തിന് എല്‍.ഡി.എഫ് തയാറുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ
