സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും : കെ സുധാകരൻ

സി.പിഎമ്മിൻ്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞും ഉള്ള ബാന്ധവങ്ങൾ ചരിത്രത്തിൽ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴൽപ്പണ കേസിലെ ഒത്തുതീർപ്പിലൂടെ നാം കാണുന്നത്. ഇത്രയധികം അഴിമതികൾ നടത്തിയിട്ടും പിണറായി വിജയൻ എങ്ങനെ രണ്ടാമതും അധികാരത്തിൽ വന്നുവെന്ന് സാമാന്യ ബോധമുള്ള സകല മലയാളികളും പരസ്പരം ചോദിച്ചിരുന്നു. താമരത്തണലിലാണ് തുടർ ഭരണമെന്ന് വ്യക്തമായിരിക്കുന്നു.

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ച ആർ എസ് എസ്സുകാരെ സംരക്ഷിച്ചതെന്തിന്? പി.മോഹനനെ വധിക്കാൻ ശ്രമിച്ച ആർ എസ് എസ്സുകാരെ സംരക്ഷിച്ചതെന്തിന്? മോഹൻ ഭാഗവത് ഫ്ലാഗ് കോഡ് ലംഘിച്ചപ്പോൾ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? വർഗ്ഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്? ശബരിമലയിൽ പോലീസിൻ്റെ നിയന്ത്രണം സംഘപരിവാറിന് കൊടുത്തതെന്തുകൊണ്ട്? പാലത്തായി പീഢന കേസിലെ സംഘപരിവാർ കാരനായ പ്രതിക്കൊപ്പം നിന്നതെന്തിന്?

തുടങ്ങിയ ചോദ്യങ്ങളുടെ നിരയിലേയ്ക്ക് ഒന്നുകൂടി ചേർക്കാം! കുഴൽപ്പണക്കേസിൽ കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ പിണറായി വിജയൻ സംരക്ഷിക്കുന്നതെന്തിന്?

ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി പോയാൽ പിണറായി വിജയൻ്റെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ തുടർ ഭരണം വരെ എത്തി നിൽക്കുന്ന ആർ എസ് എസ് ബന്ധത്തിൻ്റെ, സംഘപരിവാർ പ്രീണനത്തിൻ്റെ ചുരുളുകൾ അഴിഞ്ഞു വീഴും.

സംഘപരിവാറിന് വിടുപണി ചെയ്ത് ബിജെപി നിയന്ത്രണത്തിലുള്ള ഭരണം വീണ്ടും നടത്താനാണ് പിണറായി വിജയൻ്റെ തീരുമാനമെങ്കിൽ ജനപക്ഷത്ത് നിന്ന് ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment