‘കല്യാണംകച്ചവടമല്ല’ : കെ പി സി സി ന്യൂനപക്ഷ വകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം : സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരെ കെ പി സി സി ന്യൂനപക്ഷ വകുപ്പ് ‘കല്യാണം കച്ചവടമല്ല’ എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാര്‍ കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. സ്ത്രീത്വത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അനുദിനം വര്‍ദ്ധിച്ചുവരുന്ന സ്ത്രീധന  പീഡനങ്ങളില്‍ നിന്ന്സ്ത്രീ സമൂഹത്തെ മോചിപ്പിക്കാന്‍ യുവാക്കള്‍ സ്ത്രീധന മോചന സന്ദേശത്തിന്റെ പ്രചാരകരും പ്രതിപുരുഷൻമാരുമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീധനമെന്ന സാമൂഹിക തിൻമയെ നിയമം കൊണ്ടു മാത്രം മാറ്റാന്‍ കഴിയുകയില്ലെന്നും ലിംഗസമത്വം അംഗീകരിക്കാനും ഉദ്ദീപ്തമായ സഹജീവിസ്‌നേഹം ഉള്‍ക്കൊളളാനുംകഴിഞ്ഞാല്‍ മാത്രമേ  നീചമായ ഈ സാമൂഹ്യ വ്യവസ്ഥിതിക്ക് പരിഹാരം സാധ്യമാകൂവെന്ന് കാമ്പയിൽ ലോഗോ പ്രകാശനം ചെയ്ത മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.  സ്ത്രീധനത്തിനെതിരെ ഒരു പരിഷ്‌കൃത സംസ്‌കൃതി വളര്‍ത്തി എടുക്കാന്‍ എല്ലാ സാമൂഹ്യ, യുവജന സംഘടനകളും പ്രതിജ്ഞാബദ്ധമായി ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.
സ്ത്രീധനത്തിനെതിരേയുള്ള ബോധവല്‍ക്കരണം  വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും തുടങ്ങണമെന്നും സ്‌നേഹസമ്പന്നമായ കുടുംബ ബന്ധമാണ് ഏറ്റവും വലിയ സമ്പത്തെന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. സ്ത്രീധന മുക്ത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മതനേതാക്കൾക്കും രക്ഷിതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പാളയം ഇമാം ഡോ. സുഹൈബ് മൗലവി പറഞ്ഞു. സമ്പത്തിനോടുള്ള ഭ്രമം അവസാനിപ്പിച്ച് മാനവികതയെ മാനിക്കുന്ന കാഴ്ചപ്പാട് യുവാക്കളില്‍ ഉണ്ടാകണമെന്ന് മതപണ്ഡിതനും കോഴിക്കോട് മസ്ജിദ് ഇമാമും ആയ ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.
സെമിനാറില്‍ എ.ഐ.സി.സി ദേശീയ കോ ഓര്‍ഡിനേറ്റര്‍ ബ്രജേഷ് ദേവസ്യയും പങ്കെടുത്തു. കെ പി സി സി ന്യൂനപക്ഷവകുപ്പ് സംസ്ഥാന ചെയര്‍മാന്‍ കെ. കെ. കൊച്ചുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. പി. സിയാവുദ്ദീന്‍, വൈസ് ചെയര്‍മാന്‍ സണ്ണി കുരുവിള, സംസ്ഥാന ജില്ലാ നേതാക്കളയ എം.കെ ബീരാന്‍, അന്‍വറുദ്ദീന്‍ ചാണിക്കല്‍, പി.എം അഹമ്മദ് കുട്ടി, നാസ്സര്‍ മഞ്ചേരി, കളത്തറ ഷംസുദ്ദീന്‍, സാബു മാത്യൂ, അഡ്വ. മുഹമ്മദ് ഡാനിഷ്, നവാസ്‌റഷാദി, പി.എച്ച് മുസ്തഫ, ലാല്‍ ബര്‍ട്ട്,  പൂന്തുറ സിറാജ് എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍പത്തോളം അവിവാഹിതരായ യുവാക്കള്‍ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു.

Related posts

Leave a Comment