കെപിസിസി സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഇന്ന് തുടക്കം

☆ ഉദ്ഘാടനം ഗാന്ധിജി താമസിച്ച പാക്കനാർപുരത്ത്

☆ സ്വാതന്ത്ര്യ യാത്രകൾ ഇന്ന് സംഗമിക്കും

കോഴിക്കോട് : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്
കെ പി സി സി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സന്ദര്‍ശനം കൊണ്ട് അനുഗ്രഹീതമായ തുറയൂരിലെ പാക്കനാര്‍പുരത്തെ ഗാന്ധിസദനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. പരിപാടിയുടെ സന്ദേശമുയര്‍ത്തികൊണ്ട് വിവിധ സ്ഥലങ്ങളില്‍നിന്നുമുള്ള സേവാദള്‍, യുവജന-വിദ്യാര്‍ത്ഥി, മഹിള, അധ്യാപക വിഭാഗങ്ങളുടെ സ്വാതന്ത്ര്യ യാത്രകള്‍ ഇന്ന് വൈകിട്ട് ആറിന് പാക്കനാര്‍പുരത്തെ പ്രധാന റോഡിന് സമീപം സംഗമിക്കും. സേവാദൾ യാത്ര ഗാന്ധിജി സന്ദർശനം നടത്തിയ സന്മാർഗ ദർശിനി വായനശാലയിൽ നിന്ന് എംകെ രാഘവൻ എംപിയും യുവജന- വിദ്യാർഥി യാത്ര ഗാന്ധിജി പ്രസംഗിച്ച വടകര കോട്ടപ്പറമ്പ് മൈതാനത്തിൽ കെ മുരളീധരൻ എംപിയുമാണ് ഉദ്ഘാടനം ചെയ്തത്. കീഴരിയൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്ന് ഉച്ചക്ക് 1.30 നാണ് 75 മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ യാത്ര തുടങ്ങുക. മൂന്നുമണിക്ക് മേപ്പയ്യൂരിൽ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും 75 അധ്യാപകർ അണിനിരക്കുന്ന യാത്ര ആരംഭിക്കും. രണ്ട് യാത്രകളും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ കേളപ്പജിയുടെ ജന്മഗൃഹമായ കൊയപ്പള്ളിയിൽ നിന്നും എൻജിഒ അസോസിയേഷൻ ഗാന്ധി സ്മൃതിയാത്രയും സംഘടിപ്പിക്കും. പ്രശസ്ത എഴുത്തുകാരായ വി ആർ സുധീഷ്, യു കെ കുമാരൻ, കല്പറ്റ നാരായണൻ, സി വി ബാലകൃഷ്ണൻ തുടങ്ങിയ സാംസ്കാരിക പ്രവർത്തകരും വിവിധ യാത്രകൾക്ക് അഭിവാദ്യമർപ്പിച്ചു.
ജാഥകൾ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സമ്മേളനവേദിയിലേക്ക് ആനയിക്കും.
തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനം. 75-ാം വാര്‍ഷികത്തിന്റെ പ്രതീകമായി 75 ചിരാതുകള്‍ നേതാക്കള്‍ ചേര്‍ന്ന് തെളിയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് മുഖ്യപ്രഭാഷണം നടത്തും. കെ മുരളീധരന്‍ എംപി, എംകെ രാഘവന്‍ എംപി, എഐസിസി സെക്രട്ടറി പി വി മോഹനൻ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പിടിതോമസ് എംഎല്‍എ, അഡ്വ. ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കും.
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്നു മുതൽ 2022 ആഗസ്റ്റ് 15 വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാൻ കെപിസിസി തിരുമാനിച്ചിരുന്നു.

Related posts

Leave a Comment